298 പേര്‍ കൊല്ലപ്പെട്ട MH17 വിമാന ദുരന്തം: പിന്നില്‍ റഷ്യൻ മിസൈല്‍ ആക്രമണമെന്ന് യുഎൻ സ്ഥിരീകരണം

2014 ജൂലൈയില്‍ കിഴക്കൻ ഉക്രെയ്നിന് മുകളിലൂടെ പറക്കവെ മലേഷ്യൻ എയർലൈൻസിന്റെ MH17 വിമാനം തകർന്നുവീണ സംഭവത്തിന് റഷ്യയാണ് ഉത്തരവാദിയെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജൻസി (ഐസിഎഒ) വിധിച്ചു.

റഷ്യൻ നിർമിത ബുക് മിസൈല്‍ ഉപയോഗിച്ച്‌ വിമാനം വെടിവച്ച്‌ തകർത്തതിനെ തുടർന്ന് അതിലുണ്ടായിരുന്ന 298 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.

തിങ്കളാഴ്ച, യുഎന്നിന്റെ ഇന്റർനാഷണല്‍ സിവില്‍ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) കൗണ്‍സില്‍ റഷ്യ അന്താരാഷ്ട്ര വ്യോമ നിയമങ്ങള്‍ ലംഘിച്ചുവെന്ന് വോട്ട് ചെയ്തു. “പറക്കലിനിടെ സിവില്‍ വിമാനങ്ങള്‍ക്കെതിരെ ആയുധങ്ങള്‍ ഉപയോഗിക്കരുത്” എന്ന അന്താരാഷ്ട്ര നിയമം റഷ്യ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് വിധി. ആംസ്റ്റർഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന വിമാനം ഉക്രെയ്നിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യൻ അനുകൂല വിമതരും ഉക്രെയ്ൻ സൈന്യവും തമ്മിലുള്ള സംഘർഷത്തിനിടെ തകർക്കപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 298 പേരില്‍ 196 പേർ നെതർലൻഡ്സ് പൗരന്മാരായിരുന്നു. 38 പേർ ഓസ്ട്രേലിയയില്‍ നിന്നും 10 പേർ ബ്രിട്ടനില്‍ നിന്നും ആയിരുന്നു. ബെല്‍ജിയം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും യാത്രക്കാരില്‍ ഉള്‍പ്പെട്ടിരുന്നു.

2022-ല്‍ ഓസ്ട്രേലിയയും നെതർലൻഡ്സും ചേർന്നാണ് ഈ കേസ് യുഎന്നില്‍ ഉന്നയിച്ചത്. ഐസിഎഒ വിധിയെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. “ഈ ഭീകരമായ അക്രമത്തിന്റെ ഉത്തരവാദിത്തം റഷ്യ ഏറ്റെടുക്കണം. അവർ നിന്ദ്യമായ പെരുമാറ്റത്തിന് നഷ്ടപരിഹാരം നല്‍കണം,” ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് പ്രസ്താവനയില്‍ പറഞ്ഞു.

“നീതിയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ വിധി,” ഡച്ച്‌ വിദേശകാര്യ മന്ത്രി കാസ്പർ വെല്‍ഡ്കാമ്ബ് അഭിപ്രായപ്പെട്ടു. “അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന രാജ്യങ്ങള്‍ക്ക് ശിക്ഷയില്ലാതെ രക്ഷപ്പെടാനാകില്ല എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

2022-ല്‍ ഒരു ഡച്ച്‌ കോടതി, റഷ്യൻ അനുകൂല വിമതർ വിമാനം വെടിവച്ചിട്ടതായി വിധിച്ചിരുന്നു. രണ്ട് റഷ്യക്കാരും ഒരു മോസ്കോ അനുകൂല ഉക്രേനിയൻ പൗരനും കൊലപാതകക്കുറ്റത്തിന് അസാന്നിധ്യത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. എന്നാല്‍, ഇവരെ കൈമാറാത്തതിനാല്‍ ശിക്ഷ അനുഭവിക്കുന്നില്ല.

റഷ്യയുടെ നിലപാട്:
ക്രെംലിൻ എപ്പോഴും ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, അന്താരാഷ്ട്ര സമൂഹം റഷ്യയുടെ പങ്കിനെക്കുറിച്ച്‌ വ്യക്തമായ തെളിവുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും