ഓപറേഷൻ സിന്ദൂരിനിടെ റഫാൽ വിമാനം തകർന്നോ എന്ന് ചോദ്യം; സൈന്യം നല്‍കുന്ന വിശദീകരണം ഇങ്ങനെ

ന്യൂഡല്‍ഹി: പഹല്‍ഗാമിലേറ്റ മുറിവിനുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് ഭീകരകേന്ദ്രങ്ങള്‍ മിസൈല്‍ ഉപയോഗിച്ച്‌ തകർത്താണ് ഇന്ത്യ തിരിച്ചടിച്ചത്.

ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ട് ഞായറാഴ്ച കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥരുടെ വിശാലമായ വാർത്താസമ്മേളനമുണ്ടായിരുന്നു. ഓപ്പറേഷന്റെ പ്രവർത്തനവും പ്രവർത്തനഫലവും ലക്ഷ്യപ്രാപ്തിയുമെല്ലാം അതില്‍ വിശദീകരിച്ചു.

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം തകർന്നുവീണുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. അതേക്കുറിച്ചും വാർത്താസമ്മേളനത്തില്‍ പരാമർശമുണ്ടായി. നഷ്ടങ്ങളും യുദ്ധത്തിന്റെ ഭാഗമാണെന്നായിരുന്നു സൈന്യത്തിന്റെ മറുപടി. നമ്മള്‍ ലക്ഷ്യം കൈവരിച്ചെന്നും അതേക്കുറിച്ച്‌ അഭിപ്രായം പറയുന്നില്ലെന്നും സൈനികോദ്യോഗസ്ഥൻ വ്യക്തമാക്കി.

പോർമുഖത്ത് നഷ്ടം സ്വാഭാവികമാണ്, വിവരങ്ങൾ പുറത്ത് പറഞ്ഞാൽ ശത്രുവിന് ഗുണം ചെയ്യും. പാകിസ്താൻ എന്ത് ചെയ്യുന്നു എന്നതിൽ തങ്ങൾക്ക് ആശങ്കയില്ലായിരുന്നു. നമ്മൾ നടത്തുന്ന പ്രത്യാക്രമണത്തിലായിരുന്നു ശ്രദ്ധയെന്നും സൈന്യം പറഞ്ഞു.

‘നാം നമ്മുടെ ലക്ഷ്യം കൈവരിച്ചോ എന്നതാണ് ചോദ്യം. അഭിമാനത്തോടെ പറയാം അതെ എന്ന്. നമ്മളിപ്പോഴും പോരാട്ടത്തിലാണെന്നതിനാലും എതിരാളികള്‍ക്ക് മുൻതൂക്കം നല്‍കുമെന്നതിനാലും, ഈയവസരത്തില്‍ അതേക്കുറിച്ച്‌ ഒരഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മുടെ പൈലറ്റുമാരെല്ലാം തിരിച്ചെത്തിയിട്ടുണ്ട്’ – സേനാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അതേസമയം പാകിസ്താന്റെ ചില വിമാനങ്ങള്‍ ഇന്ത്യ തകർത്തതായി എയർ മാർഷല്‍ എകെ ഭാരതി പറഞ്ഞു. പാക് വിമാനങ്ങള്‍ ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാൻ അനുവദിച്ചില്ലെന്നും അതിനാല്‍ അവശിഷ്ടങ്ങള്‍ ഇവിടെയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമാബാദിലെ ചക്ലാല വ്യോമതാവളം, സർഗോധ വ്യോമതാവളം എന്നിവയും ഇന്ത്യ ആക്രമിച്ചു.

പാകിസ്താന്റെ ഏറ്റവും പ്രധാനപ്പെട്ട എഫ്- 16 ന്റെ വ്യോമതാവളങ്ങളിലൊന്നാണ് സർഗോധ. എഫ് – 16 സ്റ്റേഷനുകള്‍, പരിശീലന സ്ഥാപനങ്ങള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, കമാൻഡ് സെന്ററുകള്‍ എന്നിവയും ഇന്ത്യ ലക്ഷ്യംവെച്ചു. എയർ മാർഷല്‍ എ.കെ. ഭാരതി, ഡിജിഎംഒ ലഫ്. ജന. രാജീവ് ഗായ്, മേജർ ജനറല്‍ എസ്‌എസ് ശാർദ, വൈസ് അഡ്മിറല്‍ എഎൻ പ്രമോദ് എന്നിവരാണ് വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും