വത്തിക്കാനില്‍ കോണ്‍ക്ലേവ് ഇന്ന് മുതല്‍: ഫോണ്‍ സിഗ്നല്‍ നിശ്ചലമാകും

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇനി ആരെത്തും എന്ന ആകാംക്ഷയോടെ ലോകം.

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് ഇന്ന് വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലില്‍ തുടങ്ങും. നടപടിക്രമങ്ങളെല്ലാം അതീവ രഹസ്യവും സൂക്ഷ്മവുമാണ്.

കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന 133 കർദ്ദിനാള്‍മാർക്കും പുറംലോകവുമായി ബന്ധപ്പെടാൻ അനുവാദമില്ല. ഇന്ന് പ്രാദേശിക സമയം വൈകിട്ട് 3ന് (ഇന്ത്യൻ സമയം വൈകിട്ട് 6.30) വത്തിക്കാനിലെ ഫോണ്‍ സിഗ്നല്‍ വിച്ഛേദിക്കും.

മാർപാപ്പയെ തിരഞ്ഞെടുത്ത ശേഷമേ സിഗ്നല്‍ പുനഃസ്ഥാപിക്കുകയുള്ളൂ. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിന് ബാധകമല്ല. സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോണ്‍ക്ലേവില്‍ പൂർണ്ണ സ്വകാര്യത ഉറപ്പാക്കാൻ സിസ്റ്റീൻ ചാപ്പലിന് ചുറ്റും പ്രത്യേക സിഗ്നല്‍ ജാമറുകള്‍ സ്ഥാപിക്കും. ഡിജിറ്റല്‍ ആശയവിനിമയത്തിനോ നുഴഞ്ഞുകയറ്റത്തിനോ ഉള്ള ഏതൊരു ശ്രമവും ഇത് തടയും. സിഗ്നലുകള്‍ റദ്ദാക്കപ്പെട്ട് ഏകദേശം 90 മിനിറ്റുകള്‍ക്ക് ശേഷമാണ് മാർപാപ്പ വോട്ടെടുപ്പിനായി കർദ്ദിനാള്‍മാർ സിസ്റ്റീൻ ചാപ്പലിലേക്ക് നീങ്ങുക.

കർദ്ദിനാള്‍മാരുടെ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇന്നലെ രാത്രി തന്നെ വത്തിക്കാൻ അധികൃതർക്ക് കൈമാറി. കോണ്‍ക്ലേവ് പൂർത്തിയായ ശേഷമേ ഇവ തിരികെ നല്‍കൂ. കോണ്‍ക്ലേവ് കഴിയുംവരെ കർദ്ദിനാള്‍മാർക്ക് സിസ്റ്റീൻ ചാപ്പല്‍ വിടാനുമാകില്ല. വത്തിക്കാനിലെ ദൈനംദിന ജീവനക്കാർക്കും ഇക്കാലയളവില്‍ കുടുംബവുമായി ബന്ധപ്പെടാനാകില്ല.

ദിവസം 4 റൗണ്ട് വോട്ട്

ദിവസം നാലു റൗണ്ട് രഹസ്യ വോട്ട് (രാവിലെ രണ്ട്, വൈകിട്ട് രണ്ട് ). ഇന്ന് ഒറ്റ റൗണ്ട് വോട്ട് മാത്രം.

മാർപാപ്പ സ്ഥാനാർത്ഥികളില്‍ ഒരാള്‍ക്ക് മൂന്നില്‍ രണ്ട് വോട്ട് ലഭിക്കും വരെ പ്രക്രിയ തുടരും.

ഓരോ വോട്ടിന് ശേഷവും ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് പുക ഉയരും. വെളുത്ത പുകയെങ്കില്‍ മാർപാപ്പയെ തിരഞ്ഞെടുത്തു. മറിച്ചായാല്‍ കറുത്ത പുക.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാള്‍ പിയട്രോ പരോളിൻ (70), ‘ഏഷ്യൻ ഫ്രാൻസിസ് ” എന്നറിയപ്പെടുന്ന ഫിലിപ്പീൻസില്‍ നിന്നുള്ള കർദ്ദിനാള്‍ ലൂയിസ് ആന്റണിയോ ടാഗിള്‍ (67), ഇറ്റാലിയൻ കർദ്ദിനാള്‍ മാറ്റിയോ സുപ്പി (69) തുടങ്ങിയവരാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകാൻ മുന്നിലുള്ളത്.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു