‘പ്രതീക്ഷിച്ചതാണ് നടന്നത്’; ഇന്ത്യയുടെ തിരിച്ചടിയില്‍ പ്രതികരിച്ച്‌ ട്രംപ്. സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

വാഷിങ്ടണ്‍ : പാകിസ്താനില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തില്‍ പ്രതികരിച്ച്‌ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ആക്രമണം നടക്കുന്നതിനെ കുറിച്ച്‌ യു.എസിന് അറിയാമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചു. എന്തോ ഒന്ന് സംഭവിക്കാൻ പോവുകയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പെട്ടെന്ന് തന്നെ ഇത് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ദശാബ്ദങ്ങളായി അവർ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. സ്ഥിതി ഗതികളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്സ് ആശങ്ക രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാൻ കഴിയില്ലെന്ന് യു.എന്‍ സെക്രട്ടറിയുടെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച്‌ തകർത്തതായി കരസേന അറിയിച്ചു. ഓപറേഷൻ സിന്ദൂർ എന്നു പേരിട്ട സൈനിക നടപടിയില്‍ ഒമ്ബത് ഭീകര കേന്ദ്രങ്ങളാണ് തകർത്തത്. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിശദാംശങ്ങള്‍ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്സില്‍ കുറിച്ചു. ബഹാവല്‍പൂർ, മുസാഫറബാദ്, കോട്‍ലി, മുറിഡ്കെ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. മിസൈലാക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

പഹല്‍ഗാമില്‍ കഴിഞ്ഞമാസം 22ന് വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിനല്‍കാൻ സൈന്യത്തിന് സർക്കാർ പൂർണ അധികാരം നല്‍കിയിരുന്നു. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് തീരുമാനിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു