യമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം: സനാ വിമാനത്താവളം പൂര്‍ണമായും തകര്‍ത്തു

സനാ: യമന്റെ തലസ്ഥാനമായ സനായിലെ വിമാനത്താവളത്തില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ഹൂതി വിമതരുട നിയന്ത്രണത്തിലുള്ള സനാ അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും പ്രവർത്തനരഹിതമാക്കിയതായി ഇസ്രായേല്‍ പ്രതിരോധ സേന (IDF) അറിയിച്ചു.

ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍-മസിറ ടിവി റിപ്പോർട്ട് ചെയ്തു.

ആക്രമണത്തില്‍ മൂന്ന് സിവിലിയൻ വിമാനങ്ങള്‍, ഡിപ്പാർച്ചർ ഹാള്‍, റണ്‍വേ, ഒരു സൈനിക വ്യോമതാവളം എന്നിവയെ ലക്ഷ്യമിട്ടതാണെന്ന് വിമാനത്താവള വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമാന റണ്‍വേകള്‍, വിമാനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും, ഹൂതികള്‍ ആയുധങ്ങളും പ്രവർത്തകരും കൈമാറാൻ വിമാനത്താവളം ഉപയോഗിക്കുന്നുണ്ടെന്നും ഐഡിഎഫ് ആരോപിച്ചു.

ഇസ്രായേലിലെ ബെൻ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപം ഹൂതി മിസൈല്‍ പതിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം യമനിലെ ഹുദൈദ തുറമുഖത്ത് ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് സനാ വിമാനത്താവളത്തിലെ ആക്രമണം. ഹുദൈദയിലെ ആക്രമണത്തില്‍ നാല് പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂതികള്‍ അവകാശപ്പെട്ടു.

സനായിലെ പവർ സ്റ്റേഷനുകളും വടക്കൻ മേഖലയിലെ അല്‍-ഇമ്രാൻ സിമന്റ് ഫാക്ടറിയും ആക്രമണത്തില്‍ തകർന്നതായി ഐഡിഎഫ് വ്യക്തമാക്കി. ഗസ്സ യുദ്ധം തുടങ്ങിയതിന് ശേഷം ഹൂതികള്‍ക്കെതിരെ ഇസ്റഈല്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഡിസംബറില്‍ സനാ വിമാനത്താവളവും ജനുവരിയില്‍ ഹുദൈദയിലെ തുറമുഖങ്ങളും പവർ പ്ലാന്റും ലക്ഷ്യമിട്ടിരുന്നു.

ഹൂതികള്‍ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. ഗസ്സയ്ക്കെതിരായ ആക്രമണവും ഉപരോധവും അവസാനിക്കുന്നതുവരെ യമന്റെ പിന്തുണ തുടരും, ഹൂതികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്റഈലിന്റെ ആക്രമണം പ്രതികരണമില്ലാതെ കടന്നുപോകില്ലെന്നും അവർ മുന്നറിയിപ്പ് നല്‍കി.

സാഹചര്യം ഇതിനകം ദുർബലമായിരിക്കെ, ഈ ആക്രമണങ്ങള്‍ സംഘർഷം കൂടുതല്‍ വർധിപ്പിക്കുന്നു, യമനിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബർഗ് X-ല്‍ കുറിച്ചു. യമനിയ എയർവേയ്സിന്റെ മൂന്ന് വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഹൂതികള്‍ക്കെതിരെ കർശന നടപടികള്‍ തുടരുമെന്ന് പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്.