നാളെ അബുദാബിക്ക് പോകാനിരുന്ന മാള സ്വദേശിയായ യുവാവ് എടത്വ പാമ്പയാറ്റിൽ മുങ്ങി മരിച്ചു; സംസ്കാരം നാളെ

ചാലക്കുടി/മാള: മാള ശങ്കരംകുളത്തിൽ പരേതനായ ജോസിൻ്റെ മകൻ ജിതിൻ ജോസ് മാത്യു (37) നിത്യതയിൽ പ്രവേശിച്ചു. മാള എ. ജി. സഭംഗമാണ്.

നാളെ അബുദാബിക്ക് തിരികെ പോകാനിരിക്കെയാണ് ഇന്നലെ വൈകിട്ട് 5.30 ന് അപകടം സംഭവിച്ചത്.

യാത്ര ചോദിക്കുവാൻ ഭാര്യ വീടായ എടത്വായിൽ കുടുംബമായി ഇന്നലെയാണ് എത്തിയത്.
വൈകിട്ട് എടത്വ മങ്ങാട്ടുചിറ കടവിൽ കുളിക്കുന്നതിനിടയിൽ വെള്ളത്തിലേക്ക് മുങ്ങിപോകുകയായിരുന്നു.

ഭാര്യയുടെയും നാല് പിഞ്ചുകുഞ്ഞുങ്ങളൂടെയും കൺമുമ്പിൽ വെള്ളത്തിൽ മുങ്ങിമരിച്ച ജിതിൻ്റെ മരണത്തിൽ വേദനയിൽ ആണ് നാട്ടുകാർ.

ഭാര്യ ജാൻസിയും നാല് കുഞ്ഞുങ്ങളും ഉൾപ്പടെ ജിൻസിയുടെ അമ്മയുടെ കുടുംബവീട്ടിൽ എത്തിയതിനുശേഷം പമ്പാനദിയിൽ കുളിക്കുവാൻ പോയി.
കുഞ്ഞുങ്ങളെ കുളിപ്പിച്ച് കാറിൽ ഇരുത്തിയതിന് ശേഷം ജിതിൻ ആറ്റിലേക്ക് ഇറങ്ങുന്നതിനിടയിൽ വെള്ളത്തിലേക്ക് മുങ്ങിതാഴുകയായിരുന്നു. മുങ്ങി താഴുന്നത് കണ്ട് കരയിൽ നിന്ന ജിൻസിയും കുഞ്ഞുങ്ങളും നിലവിളിച്ച് കരഞ്ഞതോടെ നാട്ടുകാർ ഓടി കൂടി ആറ്റിൽ നിന്നും ജിതിനെ കരയ്ക്ക് കയറ്റിയെങ്കിലും രക്ഷിക്കുവാൻ സാധിച്ചില്ല.

ജിതിൻ്റെ ഏക സഹോദരി ജെറിൻ്റെ വിവാഹത്തിന് അബുദാബിയിൽ നിന്നും എത്തിയതായിരുന്നു ജിതിനും കുടുംബവും.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ മാളയിലേയ്ക്ക് കൊണ്ടുപോയി.
ഇന്ന്‌ വൈകിട്ട് വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം നാളെ നടക്കും.

മാള അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ശവസംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. തുടർന്ന് മേലഡൂർ കിംഗ്സ് റിവൈവൽ ചർച്ച് സെമിത്തേരിയിൽ ഉച്ചക്ക് ഒരു മണിക്ക് സംസ്ക്കരിക്കും.

മാതാവ്: സൂസൻ ജോസ് മാത്യു.
മക്കൾ: ക്രിസ്, ദേവ്, ജിബിൻ, ഇവ.

വാർത്ത: ഷാജി ആലുവിള