ജറുസലേം: ജറുസലേമിന് സമീപത്തെ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള കഠിനപരിശ്രമം തുടര്‍ന്ന് ഇസ്രായേല്‍ അഗ്നിശമന സേന. ബുധനാഴ്ച ഉച്ചക്ക് ഉണ്ടായ തീപിടിത്തം രണ്ടാം ദിവസവും പൂര്‍ണമായി നിയന്ത്രിക്കാനായിട്ടില്ല. തീപിടിത്തത്തെ തുടര്‍ന്ന് അടച്ച പ്രധാന റോഡുകളില്‍ ചിലത് തുറന്നതായും മാറ്റി പാര്‍പ്പിച്ചവര്‍ക്ക് തിരികെയെത്താന്‍ അനുമതി നല്‍കിയതായും പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ കാറ്റില്‍ തീ കൂടുതല്‍ ഭാഗത്തേക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ജറുസലേമിനെ സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നതെന്നും വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു. ജറുസലേമിന് സമീപം മനപൂര്‍വ്വം തീയിട്ടതായി സംശയിക്കുന്ന 18 പേരെ അറസ്റ്റ് ചെയ്തതായും നെതന്യാഹു വെളിപ്പെടുത്തി.



