പാകിസ്താൻ ഭീകരവാദത്തിന് ഊർജം നൽകുന്ന തെമ്മാടി രാഷ്ട്രം

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്താന്റെ ഭീകര ബന്ധത്തിൽ ആർക്കും കണ്ണടയ്ക്കാനാകില്ലെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി യോജ്ന പാട്ടേൽ പറഞ്ഞു.

തന്റെ രാജ്യം പതിറ്റാണ്ടുകളായി ഭീകരവാദത്തെ പിന്തുണച്ചിട്ടുണ്ടെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അടുത്തിടെ ഒരു അഭിമുഖത്തിൽ സമ്മതിച്ചിരുന്നു. ഈ കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തിയില്ലെന്നും, ഇത് ആഗോള ഭീകരവാദത്തിന് ഊർജം നൽകുന്ന പാകിസ്താനെ ഒരു തെമ്മാടി രാഷ്ട്രമായി തുറന്നുകാട്ടുകയാണെന്നും യോജ്ന പട്ടേൽ പറഞ്ഞു. ലോകത്തിന് ഇനി ഇതിനുനേരെ കണ്ണടയ്ക്കാനാവില്ലെന്നും അവർ കൂട്ടിചേർത്തു.

പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ വ്യാജ പ്രചാരണം നടത്താനും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനും ആഗോള വേദിയെ ദുരുപയോഗം ചെയ്യുകയാണെന്നും യോജ്ന വിമർശിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ലഭിച്ച ശക്തവും അസന്നിഗ്ദ്ധവുമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ഇന്ത്യ നന്ദി പറഞ്ഞു. ഇത് ഭീകരവാദത്തോട് അന്താരാഷ്ട്ര സമൂഹത്തിനുള്ള സഹിഷ്ണുതയില്ലായ്മയുടെ തെളിവാണെന്നും അവർ പറഞ്ഞു.
————–