യെമനിലെ കുടിയേറ്റക്കാരെ പാർപ്പിച്ച കേന്ദ്രത്തിനുനേരെ യുഎസ് വ്യോമാക്രമണം; 68 പേര്‍ കൊല്ലപ്പെട്ടു

സനാ: യെമനിലെ സാദയില്‍ കുടിയേറ്റക്കാരെ പാര്‍പ്പിച്ച കേന്ദ്രത്തിന് നേരെ തിങ്കളാഴ്ച യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടതായി ഹൂതി വിമതർ. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ക്ക് നേരെ യു.എസ് സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

115 ആഫ്രിക്കന്‍ കുടിയേറ്റക്കാരെ പാർപ്പിച്ചിരിക്കുന്ന കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തിൽ 47 പേര്‍ക്ക് പരിക്കേറ്റതായി ഹൂതി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. നിരവധിയാളുകളുടെ പരിക്ക് ഗുരുതരമാണ്.

കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സൗദി അറേബ്യയിലും ഗള്‍ഫിലും തൊഴില്‍ അന്വേഷിച്ച് പോകാന്‍ ഉപയോഗിക്കുന്നത് യെമന്‍ വഴിയുള്ള കുടിയേറ്റ പാതയാണ്. കലാപങ്ങളും ദാരിദ്ര്യവും മൂലമാണ് പലരും അന്യരാജ്യങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നത്. ഇവരെ പാർപ്പിച്ചിരിക്കുന്ന ഡിറ്റൻഷൻ സെന്‍ററുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്.

അന്താരാഷ്ട്ര ചരക്കുനീക്കം നടക്കുന്ന കപ്പല്‍ പാതകളില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മാര്‍ച്ച് മാസം മധ്യത്തോടെ യു.എസ് ഹൂതികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഈ നടപടികള്‍ ആഗോള വ്യാപാരത്തെ, പ്രത്യേകിച്ച് സൂയസ് കനാല്‍ വഴിയുള്ള കപ്പല്‍നീക്കത്തെ ബാധിച്ചു. ഇതോടെ കപ്പലുകള്‍ ആഫ്രിക്കയുടെ തെക്കെ അറ്റത്തേക്ക് വഴിതിരിച്ചുവിടാൻതുടങ്ങി. റഫ് റൈഡര്‍ എന്നാണ് യു.എസ് സൈന്യം ഹൂതികള്‍ക്ക് എതിരായ ആക്രമണത്തിന് പേരുനല്‍കിയിരിക്കുന്നത്. യു.എസ് നടത്തിയ എണ്ണൂറോളം ആക്രമണങ്ങളിൽ 250 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.