കാര്‍ അപകടത്തില്‍പ്പെട്ടു, പരുക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച്‌ മുങ്ങിയ ഭര്‍ത്താവിനെ പോലീസ് പൊക്കി

ഇടുക്കി: അപകടത്തില്‍പ്പെട്ട കാറില്‍ പരുക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച്‌ ഭർത്താവ് രക്ഷപ്പെട്ടു. സംഭവത്തില്‍ ആലടി സ്വദേശി സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടാകുന്നതിനു മുൻപ് മദ്യലഹരിയിലായിരുന്ന സുരേഷ് വാഹനത്തില്‍ നിന്നു ചാടുകയായിരുന്നു.

ശനിയാഴ്ച രാത്രി ഇടുക്കി ഉപ്പുതറയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയാണ് കാറില്‍ സ്ത്രീ കുടുങ്ങി കിടക്കുന്ന കാര്യം നാട്ടുകാർ അറിയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉപ്പുതുറ പൊലീസെത്തിയാണ് നവീനയെ ആശുപത്രിയില്‍ എത്തിച്ചത്.

ഭാര്യയെ അപായപ്പെടുത്തുന്നതിനായി സുരേഷ് മനഃപൂർവം അപകടമുണ്ടാക്കിയതാണോ എന്ന് പൊലീസ് സംശയിക്കുന്നു. ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഉപ്പുതുറ പൊലീസ് പറഞ്ഞു.