പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍.രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു ; സംസ്കാരം വെള്ളിയാഴ്ച

കൊച്ചി: ജമ്മു-കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൃതദേഹം മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേന്ദ്ര സഹ മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരടക്കമുള്ള നേതാക്കളും പൊതുപ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു.

വിനോദയാത്രയുടെ ഭാഗമായി കശ്മീരിലെത്തിയ എന്‍. രാമചന്ദ്രനെ ഭീകരര്‍ വെടിവെച്ചുകൊന്നത് മകളുടെ മുന്നില്‍വെച്ചായിരുന്നു. തിങ്കളാഴ്ചയാണ് രാമചന്ദ്രനും കുടുംബവും കൊച്ചിയില്‍നിന്ന് കശ്മീരിലേക്ക് പോയതെന്നാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം.

ഭാരതീയവിദ്യാഭവനിലെ അധ്യാപികയായ ഭാര്യ ഷീലയും മകള്‍ അശ്വതിയും രണ്ട് പേരമക്കളും അടങ്ങുന്ന സംഘമാണ് കശ്മീരിലേക്ക് പോയിരുന്നത്. ദുബായിലായിരുന്ന അശ്വതി കുറച്ചുദിവസംമുന്‍പാണ് നാട്ടിലെത്തിയത്. പ്രവാസിയായിരുന്ന രാമചന്ദ്രന്‍ ഒരുവര്‍ഷംമുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്.

കൊച്ചി വിമാനത്താവളത്തില്‍നിന്ന് മൃതദേഹം റിനൈ മെഡിസിറ്റിയിലേക്ക് മാറ്റും. വെള്ളിയാഴ്ച രാവിലെ ഇവിടെ നിന്ന് മൃതദേഹം എടുത്ത് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച ഉച്ചയോടെ സംസ്‌കാരം നടത്തും.