ഷാജി ആലുവിള

“വളവിൽ തിരിവ് സൂക്ഷിക്കുക”.
വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധക്കായി റോഡിലെ വളവുകൾക്ക് മുമ്പ് സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പാണ് ഈ പറഞ്ഞിരിക്കുന്നത്.

വാഹനം ഓടിക്കുമ്പോൾ അറിയിപ്പുകൾ അറിയാഞ്ഞിട്ടോ നിയമങ്ങൾ പാലിക്കാഞ്ഞിട്ടോ അല്ല പലപ്പോഴും അപകടങ്ങൾ ജനിക്കുന്നത്. അപകടം സംഭവിക്കുമ്പോൾ പലരും പറയും “വരാനുള്ളത് വഴിയിൽ തങ്ങില്ല” അപകടങ്ങൾ അശ്രദ്ധ മൂലം വരുത്തിവെച്ചിട്ട് ഇങ്ങനെ പറയുന്നതിൽ ഒരർത്ഥവുമില്ല.
പലതരം വാഹനങ്ങൾ അതിവേഗം പായുന്ന റോഡുകളിൽ മാത്രമല്ല അപകടം പതിയിരിക്കുന്നത്. തിരക്കില്ലാത്ത ഇടവഴികളിൽ പോലും അപകടം സംഭവിക്കാം. അങ്ങനെ എത്രയെത്ര ജീവനുകൾ നിരത്തുകളിൽ പൊലിഞ്ഞുപോയി. തിരക്കില്ലാത്ത റോഡുകളിൽ വാഹനം ഓടിക്കുമ്പോൾ വേഗത നിയന്ത്രിക്കാതെ പോയാൽ ആ അമിത വേഗത അപകട ഗർത്തത്തിലേക്ക് എത്തിക്കും. അമിത വേഗത, മത്സര ഓട്ടം, വിശ്രമമില്ലാത്ത ഡ്രൈവിംഗ്, ലഹരി ഉപയോഗിച്ചിട്ടുള്ള ഡ്രൈവിംഗ്, അശ്രദ്ധ, വളവുകളിൽ അമിത വേഗം തുടങ്ങിയ കാരണങ്ങൾ അപകടം വിളിച്ചു വരുത്തും. പിന്നെ റോഡുകളുടെ അപാകതയും.
തീവണ്ടികളിൽ പോലും നിശ്ചിത സമയം കഴിഞ്ഞാൽ ലോക്കോപൈലറ്റുകൾ മാറുക തന്നെ ചെയ്യും. ദീർഘദൂര ചരക്കു വണ്ടികൾ, ബസുകൾ എന്നിവയിൽ പോലും ഒന്നിലധികം ഡ്രൈവർമാർ ജോലിക്കാരായി കാണും. കാരണം ഓടിക്കുന്ന ആളിന് ഉറക്കമോ ക്ഷീണമോ സംഭവിച്ചാൽ അടുത്ത ആൾ നിയന്ത്രണം ഏറ്റെടുക്കും. അതല്ലെങ്കിൽ രാത്രിയിൽ ഡ്രൈവ് ചെയ്യണ്ടി വന്നാൽ കൂട്ടിന് ഒരാൾകൂടി ഉണ്ടെങ്കിൽ സംസരിച്ചിരിക്കാം. ഡ്രൈവർ ഉറങ്ങിപ്പോയാൽ മുന്നറിയിപ്പ് ബോർഡിനോ നിയമത്തിനോ അപകടത്തിൽ നിന്ന് രക്ഷിക്കുവാൻ സാധ്യമല്ല.

ചിലപ്പോൾ വാഹനത്തിന്റെ അപാകതയും കാരണമാകുന്നുണ്ട്. ഓടുന്ന വാഹനത്തിന് തീപിടിക്കുന്നു നിർത്തിയിട്ടിരിക്കുന്ന വാഹനം കത്തിനശിച്ചു എന്നുള്ള വാർത്തകളും നാം കാണുന്നുണ്ട്. ഷോർട്ട് സർക്യൂട്ടോ എഞ്ചിനുകൾക്കുള്ള പോരായ്മയോ ഓട്ടത്തിനിടയിൽ ടയറുകൾക്കുള്ള പൊട്ടാലോ അപകടം ഉണ്ടാക്കാം.

എന്നാൽ വാഹനം എത്ര സുരക്ഷിതമായാലും ഡ്രൈവർ എത്ര വിദഗ്ദ്ധർ ആയാലും ഉറങ്ങിപ്പോയാൽ, വേണ്ട- കണ്ണ് ഒന്ന് ചിമ്മിപ്പോയാൽ മതി തീർന്നുപോകും എല്ലാം.
രാത്രി ആയാലും പകലായാലും ഉറക്കമോ ശാരീരിക ക്ഷീണമോ തോന്നിയാൽ പിന്നീട് വാഹനം ഓടിക്കരുത്. ഒതുക്കി നിർത്തി ഉറങ്ങി വിശ്രമിക്കുക. പ്രത്യേകിച്ച് അർദ്ധരാത്രി കഴിഞ്ഞാൽ ഡ്രൈവിംഗ് ഏത് റോഡോ, ഏത് വാഹനമോ ആയിക്കൊള്ളട്ടെ ഉറക്കക്ഷീണം നോക്കി മാത്രമേ ആകാവു . സ്വന്തമായി ഇരുചക്രവാഹനങ്ങളോ കാറുകളോ ദീർഘ ദൂരം ഓടിച്ചുവരുന്നവർ ഈ അടുത്ത സമയത്തും അപകടത്തിൽപ്പെട്ടു മരിക്കുന്നത് നാം അറിഞ്ഞതാണ്. അടുത്ത സംസ്ഥാനത്തു നിന്നും മുഴു രാത്രി വാഹനമോടിച്ച് കേരളത്തിൽ വന്ന് മറ്റു ചിലരുമായി വിശ്രമമില്ലാതെയും മാറ്റാരെക്കൊണ്ടും ഓടിപ്പിക്കാതെയും തിരികെ പോകും വഴി അപകടം ഉണ്ടായി ഉടനടി മരിക്കുകയും മറ്റുള്ളവർ ഗുരുതര പരിക്കോടെ രക്ഷപ്പെടുകയും ചെയ്തു എന്ന വാർത്തയും നാം കേട്ടതാണ്.
കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിൽ നിന്നും വരുന്നവഴി റാന്നിക്കടുത്തുവച്ച് ഒരാൾ ഓടിച്ചിരുന്ന കാർ മറ്റൊരു ബസ്സുമായി കൂട്ടിയിടിച്ച് കാർ പൂർണ്ണമായി നശിക്കുകയും അദ്ദേഹം തൽക്ഷണം മരിക്കുകയും ചെയ്തത്. ആ കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും വേദന എത്രവലുതാണ്.
ഉറങ്ങിപ്പോയാൽ വാഹനം നിയന്ത്രണം വിട്ട് വേഗത കൂടുകയും ദിശ തെറ്റി എതിരെ വരുന്ന വാഹനത്തിലോ മറ്റെവിടെയെങ്കിലും ഇടിച്ചു കയറും. ഒന്നോർക്കുക ഇങ്ങനെയുള്ള യാത്രയിൽ നിങ്ങൾ എത്ര പരിചയ സമ്പന്നർ ആയാലും ശരീരത്തിനും കണ്ണിമയ്ക്കും നല്ല വിശ്രമം കൊടുക്കുക. അങ്ങനെ മാത്രമേ ഡ്രൈവ് ചെയ്യാവു. അതല്ലങ്കിൽ നന്നായി ഡ്രൈവ് ചെയ്യുന്ന ഒരാളെക്കുടെ കൂടെ കൂട്ടി മാറി മാറി വാഹനം ഡ്രൈവ് ചെയ്യണം.

എല്ലാവരും നന്നായി ഉറങ്ങുന്ന സമയമാണ് പുലർച്ചെ രണ്ടു മണിമുതൽ. ആ സമയം വാഹനം ഓടിക്കുന്നവർ വളരെ ശ്രദ്ധിക്കണം. അറിയാതെ ഉറങ്ങിപ്പോകും. ചിലർക്ക് ഡ്രൈവിംഗ് വലിയ ഹരമാണ്. വേഗത കൂടിയ ബൈക്കും, കാറും, പിന്നെ അത് ഓടിക്കുന്നവർ ലഹരിയിലും ആണെങ്കിൽ അപകടം ഉറപ്പാണ്. കഴിഞ്ഞ ദിവസം ഒരു പഞ്ചായത്ത് പ്രസിഡന്റ് ലഹരി തലക്ക് പിടിച്ച് കാറോടിച്ച് അപകടം വരുത്തി. അയാളെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു.
ഉള്ളിൽ എപ്പോഴും ഓർമ്മ വേണം നിങ്ങൾ സുരക്ഷിതമായി ഭവനത്തിൽ എത്തിക്കാണുവാൻ നിങ്ങളുടെ പ്രിയ കുടുംബാഗങ്ങൾ കാത്തിരിക്കുന്നു. അതുകൊണ്ട് ശ്രദ്ധ മരിച്ചാൽ അപകടം ജനിക്കുമെന്നും, റോഡിലും വളവിലും അപകടം പതിയിരിക്കുന്നുവെന്നും ഉറങ്ങി കണ്ണടച്ചാൽ വലിയ വിപത്തും മരണവും സംഭവിക്കുമെന്നും ഓർക്കുക.
കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ച് കയറി അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് കരണമെന്നു വാർത്തകളിൽ പറയുന്നു.
ഡ്രൈവിംഗ് നിയമങ്ങൾ പാലിച്ച് ഡ്രൈവ് ചെയ്യുക. വികലമായി വാഹനം ഓടിച്ച് ജീവന് ഹാനി വരുത്തരുത്. എതിർ ദിശയിൽ നിന്നും വരുന്ന വാഹനം അപകടകാരിയാണന്ന് ഓർക്കണം. അതുപോലെ തന്നെയാണ് ഓവർ ടേക്കിങ് എന്ന മറികടക്കൽ. നിശ്ചിത പ്ലാനിങ്ങോട് കൂടി മാത്രമേ അത് ചെയ്യാവൂ. മുന്നറിയിപ്പുകൾ അവഗണിക്കാതെയും രാത്രിയിൽ അപകട സാധ്യത ഏറെയാണെന്നും മനസ്സിലാക്കി വാഹനം ഓടിക്കുക. അശ്രദ്ധയും ഉറക്കവും ഡ്രൈവിംഗിൽ ജീവഹാനിയോ അത്യാഹിതമോ ഉണ്ടാക്കുമെന്ന് നന്നായി ഓർക്കുക.

ഡ്രൈവ് ചെയ്തുകൊണ്ട് മൊബൈൽ ഫോണിൽ സംസാരിക്കുന്ന രീതി അപകടമാണ്. അത് ബസായാലും, കാറായാലും, ബൈക്കായാലും അത് തെറ്റ് തന്നെയാണ്.
നിങ്ങളുടെ ജീവൻ വിലയേറിയതാണ്.
അതിനെ അപകടപ്പെടുത്താതെ സൂക്ഷിക്കുക. വാഹനത്തെ നിങ്ങൾ നിയന്ത്രിക്കുക! വാഹനം നിങ്ങളെ നിയന്ത്രിക്കരുത്!

