ഹൈദരാബാദ്: ‘സർപ്പദോഷം’ മാറാനെന്ന് പറഞ്ഞ് ഏഴുമാസം പ്രായമുള്ള മകളെ നരബലി നല്കിയ കേസില്‍ യുവതിക്ക് വധശിക്ഷ. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിനിയായ ബി.
ഭാരതി എന്ന ലാസ്യ(32)യെയാണ് സൂര്യപേട്ട് അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഭാരതി നിലവില്‍ ജയില്‍വാസം അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് മകളെ കൊലപ്പെടുത്തിയ കേസിലും കോടതി ശിക്ഷ വിധിച്ചത്.
ഏഴുമാസം പ്രായമുള്ള മകളെ നരബലി നല്കിയ സംഭവം അപൂർവങ്ങളില്‍ അപൂർവമായ കേസാണെന്നാണ് കോടതി വിലയിരുത്തിയത്. 2021 ഏപ്രില്‍ 15-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സംഭവദിവസം ഭാരതി സ്വന്തം ദേഹത്തും കുഞ്ഞിന്റെ ദേഹത്തും മഞ്ഞളും കുങ്കുമവും പുരട്ടിയാണ് പ്രത്യേക പൂജചെയ്തത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിലായിരുന്നു മകളെ കൊണ്ടുപോയി യുവതിയുടെ പൂജ. പിന്നാലെ മകളുടെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നും നാവ് അരിഞ്ഞെടുത്തെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
സംഭവസമയം യുവതിയുടെ കിടപ്പുരോഗിയായ ഭർതൃപിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍നിന്ന് കുഞ്ഞിന്റെ കരച്ചില് കേട്ടതോടെ ഇദ്ദേഹത്തിന് സംശയംതോന്നി. തുടർന്ന് ഊന്നുവടിയുടെ സഹായത്തോടെ കട്ടിലില്‍നിന്ന് എഴുന്നേറ്റ് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങളില്‍ ചോരപുരണ്ടനിലയില്‍ ഭാരതി കിടപ്പുമുറിയില്‍നിന്ന് പുറത്തുവന്നത്. മകളെ ദൈവങ്ങള്‍ക്ക് ബലി നല്‍കിയെന്നും സർപ്പദോഷം മാറിയെന്നുമായിരുന്നു യുവതിയുടെ അവകാശവാദം. ഇതോടെ ഭർതൃപിതാവ് അയല്‍ക്കാരെയും മറ്റുബന്ധുക്കളെയും വിവരമറിയിച്ചു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ പോലീസെത്തി ഭാരതിയെ വീടിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായെങ്കിലും ഭാരതി പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. കേസില്‍ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ഭാരതിക്ക് ജാമ്യം അനുവദിച്ചത്. തുടർന്ന് ഭർത്താവിനൊപ്പം തന്നെയായിരുന്നു താമസം. ഇതിനിടെയാണ് 2023-ല്‍ ഭർത്താവിനെ കൊലപ്പെടുത്താൻശ്രമിച്ചെന്ന കേസില്‍ യുവതി വീണ്ടും അറസ്റ്റിലായത്.
ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ ഒരുകിലോയുടെ തൂക്കുക്കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായിരുന്നു സംഭവം. ഭർത്താവായ കൃഷ്ണയുടെ പരാതിയില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഇക്കഴിഞ്ഞ ഒൻപതാം തീയതി ഭാരതിയെ കുറ്റക്കാരിയെന്ന് കണ്ടെത്തുകയും ഒരുവർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് ബി. കൃഷ്ണയും അടുത്തബന്ധുക്കളും ഉള്‍പ്പെടെയുള്ളവരായിരുന്നു സാക്ഷികള്‍. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും പ്രതിക്കെതിരേ പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി.
പ്രതിയായ ഭാരതിയും പോളിയോ ബാധിതനായ ഭർത്താവ് കൃഷ്ണയും സ്കൂളില്‍ സഹപാഠികളായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായി. ഭാരതിയെ വിവാഹം കഴിക്കാൻ കൃഷ്ണയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തിന്റെ മോശം സാമ്ബത്തികാവസ്ഥ കാരണം യുവതിയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല. തുടർന്ന് മറ്റൊരാളുമായി 2008-ല്‍ ഭാരതിയുടെ വിവാഹം നടന്നു. എന്നാല്‍, ദാമ്ബത്യപ്രശ്നങ്ങള്‍ കാരണം ഭാരതി ആദ്യവിവാഹബന്ധം വേർപിരിഞ്ഞു. ഇതിനുശേഷം 2019-ലാണ് ഭാരതിയും കൃഷ്ണയും വിവാഹിതരായത്.
ആദ്യവിവാഹബന്ധത്തിലെ ദുരനുഭവങ്ങള്‍ കാരണം ഭാരതിക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ഭർത്താവ് കൃഷ്ണയുടെ മൊഴി. കൃഷ്ണയുമായുള്ള വിവാഹത്തിന് മുൻപ് ഭാരതിക്ക് സർപ്പദോഷമുണ്ടെന്ന് ഒരു ജ്യോത്സ്യൻ ഭാരതിയെ വിശ്വസിപ്പിച്ചിരുന്നു. ഇതിനുശേഷം സർപ്പദോഷം മാറാനായി ഭാരതി പലവിധ പൂജകള്‍ ചെയ്തിരുന്നതായും ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ ഫോണില്‍ കണ്ടിരുന്നതായും ഭർത്താവ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന് ഏതാനുംമാസങ്ങള്‍ക്ക് മുൻപ് ഭർത്താവും കുടുംബവും ഭാരതിയെ ഒരു മാനസികാരോഗ്യവിദഗ്ധന്റെ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍, ഡോക്ടർ മരുന്ന് കുറിച്ചുനല്കിയിട്ടും ഭാരതി ഇത് കഴിച്ചിരുന്നില്ലെന്നും ഭർത്താവ് പറഞ്ഞു.



