ന്യൂഡൽഹി: മുംബൈ ആക്രമണക്കേസിലെ ഗൂഢാലോചനക്കാരനായ തഹാവൂർ ഹുസൈൻ റാണയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു. ന്യൂദില്ലിയിലെ സിജിഒ സമുച്ചയത്തിലെ എൻഐഎയുടെ ഹെഡ് ഓഫീസിനുള്ളിലെ അതീവ സുരക്ഷയുള്ള സെല്ലിലാണ് തഹാവൂർ റാണയെ പാർപ്പിച്ചിരിക്കുന്നത്. തഹാവൂർ റാണക്ക് പ്രത്യേക പരിഗണനകളില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ട മറ്റേതൊരു വ്യക്തിയെയും പോലെയാണ് പരിഗണിക്കുന്നതെന്നും ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജയിൽ വച്ച് മൂന്ന് കാര്യങ്ങൾ മാത്രമാണ് റാണ ആവശ്യപ്പെട്ടത്. ഖുർആന്‍റെ ഒരു കോപ്പി, ഒരു പേപ്പർ, പേന എന്നിവയായിരുന്നു ഇത്. ഇതൊഴിച്ച് മറ്റൊന്നും ഇയാൾ ആവശ്യപ്പെട്ടില്ല. കോടതി നിർദ്ദേശപ്രകാരം, ഡൽഹി ലീഗൽ സർവീസസ് അതോറിറ്റി (DLSA) നൽകുന്ന ഒരു അഭിഭാഷകനെ കാണാൻ റാണയ്ക്ക് എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും അനുവാദമുണ്ട്.
കൂടാതെ ഓരോ 48 മണിക്കൂറിലും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനും നിർദേശമുണ്ട്. യുഎസിൽ നിന്ന് വെള്ളിയാഴ്ചയാണ് റാണയെ ദില്ലിയിലെ എൻ ഐ എ ആസ്ഥാനത്ത് എത്തിച്ചത്. 14 അടി നീളവും 14 അടി വീതിയുമുള്ള സെല്ലില്‍ 24 മണിക്കൂറും സിസിടിവി നിരീക്ഷണ സംവിധാനത്തോടു കൂടിയാണ് റാണയെ പാർപ്പിച്ചിരിക്കുന്നത്. അതേസമയം, റാണയുമായി തെളിവെടുപ്പു നടത്താൻ എൻഐഎ തയാറെടുക്കുന്നതായാണ് റിപ്പോർട്ട്. ആക്രമണത്തിന് മുമ്പ് റാണ സന്ദർശിച്ച സ്ഥലങ്ങളിൽ എത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. കേരളത്തിൽ കൊച്ചിയിൽ എത്തിച്ചും തെളിവെടുപ്പ് നടത്തിയേക്കും. കൊച്ചിക്ക് പുറമെ ഉത്തർപ്രദേശിലെ ഹാപൂർ,ആഗ്ര, എന്നിവിടങ്ങിളിലും തെളിവെടുപ്പിനായി റാണയെ കൊണ്ടുപോകും.



