നടേശന് വാഴ്ത്തുപാട്ടുമായ് മുഖ്യമന്ത്രി; പകരം പിണറായി മൂന്നാമതും മുഖ്യമന്ത്രിയാകുമെന്ന് നടേശൻ

മലപ്പുറം പ്രത്യേക രാജ്യമെന്നും, പെന്തക്കോസ്തുകാർ ആളെ കൂട്ടുന്നത് പൈസ കൊടുത്തുമാണെന്ന് പറഞ്ഞ് രണ്ട് വിഭാഗങ്ങളെ അപമാനിച്ച വെള്ളാപ്പള്ളിയെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഓർക്കണം, സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് രണ്ട് വിഭാഗങ്ങളെ പച്ചക്ക് അവഹേളിച്ച നടശേന് ഉണർത്ത് പാട്ടുമായി ഇന്നലെ രംഗത്ത് വന്നത്.

വെള്ളാപ്പള്ളി എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറിയായതിന്റെ മുപ്പതാം വർഷിക ദിനമായ ഇന്നലെ ആലപ്പുഴയിൽ ചേർന്ന സമ്മേളനത്തിലാണ് വെള്ളാപ്പള്ളിക്ക് വേണ്ടി മുഖ്യൻ തന്നെ സപ്പോർട്ട് നൽകിയത്.

ഇവിടെ കേരളത്തിലെ അന്തേവാസികൾ തന്നെയല്ലേ പെന്തക്കോസ്തുകാരും മുസ്ലിം സമുദായവും. അവരൊന്നും മനുഷ്യരല്ലേ? മുഖ്യമന്ത്രി എന്ന് പറഞ്ഞാൽ കേരളത്തിലെ എല്ലാ വിഭാഗത്തിനും അവകാശപ്പെട്ടതല്ലേ? ഒരു ഭരണാധികാരിയെന്ന നിലയിൽ ഈ രണ്ട് കൂട്ടരോടും ഒരു നിസംഗ മനോഭവം എന്താണ്. ഭരണപക്ഷത്തിനോ മുഖ്യമന്ത്രി എന്ന നിലയിൽ ഏതെങ്കിലും തരത്തിൽ ദോഷം വരുത്തത്തക്ക തരത്തിൽ എന്തങ്കിലും സംഭവം ഉണ്ടായോ, ഇത്രമാത്രം വെറുക്കപ്പെടാൻ.

രാഷ്ട്രിയമാണ് ലക്ഷ്യമെങ്കിൽ ഈ പെന്തക്കോസ്തുകാർക്കും വോട്ടവകാശം ഉള്ളവരാണെന്ന ഒരു തിരിച്ചറിവ് നല്ലതാണ്. ഒരു രാഷ്ട്രിയ പാർട്ടിയും സ്വന്തം പാർട്ടിയുടെ വോട്ടുകൾ കൊണ്ട് മാത്രം ഒരു വിജയം ചരിത്രത്തിൽ പോലുമുണ്ടായിട്ടില്ല. അത് ഒട്ടും കേരളത്തിൽ സംഭവ്യമല്ല.

ഒരു ഭരണാധികാരിയെന്ന നിലയിൽ ഒരു നിശബ്ദ നിലപാട് മുഖ്യമന്ത്രിക്ക് എടുക്കാമായിരുന്നു. ഇന്നലെ ആ വേദിയിൽ എത്തിയത് പോകട്ടെ, നടേശൻെറ വിവരക്കേടിന് വെള്ളപൂശാതെയെങ്കിലും ഇരിക്കാമായിരുന്നു. ഓർക്കണം, വെള്ളാപ്പള്ളി പറഞ്ഞതൊക്കെ അച്ചുനിരത്തി, അതിൻെറ മഷി ഉണങ്ങും മുൻപാണ് മുഖ്യൻെറ വാഴ്ത്തുപാട്ടുകൾ.

ക്രൈസ്തവചിന്ത ഒന്ന് രണ്ട് ദിവസം മുൻപ് നടേശൻ മുഖ്യനെ പുകഴ്ത്തി നടക്കുന്നതിൻെറ ലക്ഷ്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അത് അടിവരയിടുന്നതാണ് ഇന്നലത്തെ സംഭവങ്ങളും. സ്വയം ഒരുക്കിയെടുക്കുന്ന സംരക്ഷണമാണത്. പക്ഷേ, പലപ്പോഴായി ഇങ്ങോട്ട് പൊക്കിപ്പറഞ്ഞപ്പോൾ തിരിച്ചൊന്ന് മുഖ്യമന്ത്രി സപ്പോർട്ട് ചെയ്തതാണെന്നും ജനം കരുതില്ല. മുഖ്യൻെറ ലക്ഷ്യം കൃത്യമായും രാഷ്ട്രിയം തന്നെയാണ്.

മുഖ്യമന്ത്രിയുടെ പുകഴ്ത്തലിൽ ആവേശനായ വെള്ളാപ്പള്ളി നടേശൻ ഇന്നലെ ആതേ വേദിയിൽ ഇനിയും മുഖ്യമന്ത്രി പദത്തിലേക്ക് പിണറായി വരുമെന്ന് പ്രഖ്യാപനവും നടത്തി.

നടേശൻ എന്നല്ല ആ സമുദായത്തിൻെറ മുഴുവൻ വോട്ടും ഒരേ ദിശയിലേക്ക് ഒഴുക്കിയാലും അത് അസാധ്യമെന്ന് എല്ലാവർക്കും അറിയാം. അങ്ങനെ ഒരു മുഖ്യനെ ഉണ്ടാക്കിയെടുക്കാൻ കഴിയില്ലെന്നുള്ളത് നടേശനും മുഖ്യമന്ത്രിയും ഒന്ന് ചിന്തിച്ചാൽ നന്നായിരുന്നു.

രണ്ട് തവണ മുഖ്യമന്ത്രി പദത്തിൽ എത്തിയത് ഏതെങ്കിലും ഒരു സമുദായത്തിൻെറ മാത്രം വോട്ട് കൊണ്ട് മാത്രമല്ല. അതിൽ എല്ലാ വിഭാഗത്തിൻെറ വോട്ടുകൾ ഉണ്ടായിട്ടുണ്ട്… ആ കൂട്ടത്തിൽ പ്പെടുന്നവരാണ് പെന്തക്കോസ്തുകാരും.

അന്യനാട്ടിൽ നിന്നും തൊഴിലെടുക്കാൻ കേരളത്തിലെത്തിയവരെ ‘അതിഥി തൊഴിലാളി’കൾ എന്ന ഓമന പേരിട്ട മുഖ്യൻ തന്നെയാണല്ലോ ഇപ്പോഴും കേരള മുഖ്യമന്ത്രി. ആ തൊഴിലാളികളോടുള്ള പരിഗണനയെങ്കിലും പെന്തക്കോസ്തുകാരോടും ആകാം.