ഡിഡ്‌നിലാൻഡിൽ മൂന്ന് ദിവസത്തെ അവധിയാഘോഷം; ഒടുവിൽ മകനെ കഴുത്തറുത്ത് കൊന്ന് ഇന്ത്യൻ വംശജയായ അമ്മ

കാലിഫോർണിയ: ഡിസ്‌നിലാൻഡിൽ മൂന്ന് ദിവസം അവധി ആഘോഷിച്ചതിന് പിന്നാലെ 11 വയസുകാരനായ മകനെ ഇന്ത്യൻ വംശജയായ അമ്മ കൊലപ്പെടുത്തി. മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് 48 കാരിയായ സരിത രാമരാജുവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി.

ആയുധം കൈവശം വച്ചതിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ പ്രതിയാണെന്ന് കണ്ടെത്തിയാൽ അവർക്ക് പരമാവധി 26വർഷം തടവ് മുതൽ, ജീവപര്യന്തം വരെ ശിക്ഷയായി ലഭിക്കുമെന്ന് കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിലെ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

2018-ലെ വിവാഹമോചനത്തിനു ശേഷം കാലിഫോര്‍ണിയയില്‍ താമസമാക്കിയ സരിത ഭര്‍ത്താവിന്റെ സംരക്ഷണത്തിലുള്ള മകനെ കാണാനായാണ് ഇവിടെ എത്തിയത്. മൂന്ന് ദിവസത്തെ ഡിസ്‌നിലാൻ്റ് സന്ദര്‍ശനത്തിനുളള ടിക്കറ്റാണ് മകനും തനിക്കുമായി സരിത ബുക്ക് ചെയ്തത്. മാർച്ച് 19നായിരുന്നു മകനെ തിരിച്ചേൽപ്പിച്ച് ഹോട്ടൽമുറി ഒഴിഞ്ഞ് നൽകേണ്ടിയിരുന്നത്.

എന്നാൽ സംഭവദിവസം രാവിലെ 911 എന്ന എമർജൻസി മ്പറിലേക്ക് വിളിച്ച് മകനെ കൊന്നുവെന്നും, താൻ ജീവനൊടുക്കുന്നതിനായി ഗുളിക കുടിച്ചുവെന്നും അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഹോട്ടൽമുറിയിലെത്തിയ പൊലീസ് കണ്ടത് കട്ടിലിൽ മരിച്ച നിലയിൽ കിടക്കുന്ന കുട്ടിയെയയാണ്. സംഭവത്തിന് തലേദിവസം വാങ്ങിയ കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

2018 ജനുവരിയിലാണ് പ്രകാശ് രാജുവും, സരിത രാമരാജുവും വിവാഹമോചനം നേടിയത്. കോടതി ഉത്തരവ് പ്രകാരം മകൻ്റെ സംരക്ഷണം പ്രകാശ് രാജുവിന് ലഭിക്കുകയും, മകനെ കാണാൻ സരിതയ്ക്ക് സന്ദർശന അവകാശം ലഭിക്കുകയും ചെയ്തു. തന്നോട് അഭിപ്രായം ചോദിക്കാതെയാണ് മകൻ്റെ ആരോഗ്യ-വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രകാശ് രാജു തീരുമാനം എടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവ് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നും, അയാൾ വളരെ അക്രമണകാരിയാണെന്നും, സരിത രാമരാജു ആരോപിച്ചിരുന്നു. എന്നാൽ പ്രകാശ് രാജു ആരോപണങ്ങളെ തള്ളിക്കളയുകയായിരുന്നു.