അധികകാലം ജീവിക്കുന്നതിനേക്കാള്‍ പ്രധാനമാണ് അന്യന് ഉപകരിക്കുന്ന ജീവിതം

പുതിയ പുതിയ ഗ്രാമങ്ങള്‍ കണ്ട് അവിടെ താമസിച്ച് അനുഭവങ്ങള്‍ സ്വായത്തമാക്കി ജീവിക്കുന്ന വ്യക്തിയായിരുന്നു അയാള്‍.

ഒരിക്കല്‍ അയാള്‍ പുതിയൊരു ഗ്രാമത്തിലെത്തി. ഗ്രാമകവാടത്തിലുളള സെമിത്തേരിയിലാണ് അയാള്‍ ആദ്യം ചെന്നത്. ആ സെമിത്തേരിയില്‍ അവിടെ സംസ്‌ക്കരിച്ചവരുടെ പേരും വയസ്സും രേഖപ്പെടുത്തിയിട്ടുണ്ട്.

അയാള്‍ നോക്കിയപ്പോള്‍ എല്ലാവരുടേയും വയസ്സ് ഇരുപതില്‍ താഴെ. ഇവിടെയുളളവരെല്ലാം ചെറുപ്പത്തിലേ മരിച്ചുപോകുന്നവരാണ് എന്ന നിഗമനത്തില്‍ അയാള്‍ തിരിച്ചുപോകാനൊരുങ്ങി. വഴിയില്‍ കണ്ടയാളോട് അകാലമൃത്യുവിന്റെ കാരണം അന്വേഷിച്ചു.

അയാള്‍ പറഞ്ഞു: ഇവിടെയാരും അങ്ങനെ മരിക്കുന്നില്ല. ഞങ്ങളില്‍ പലര്‍ക്കും അറുപതിനുമുകളില്‍ പ്രായമായി. ഇവിടെ എല്ലാവര്‍ക്കും ഡയറി എഴുതുന്ന ശീലമുണ്ട്. ഒരാള്‍ മരിച്ചാല്‍ അയാളുടെ ഡയറി പരിശോധിക്കും. അയാള്‍ അവനവനുവേണ്ടിയോ മറ്റുളളവര്‍ക്ക് വേണ്ടിയോ എന്തെങ്കിലും ചെയ്ത ദിവസങ്ങള്‍മാത്രമേ ആയുസ്സിന്റെ കൂടെ കൂട്ടുകയുളളൂ..

ജനിച്ചതിന്റെ പേരില്‍ ജീവിക്കുന്നവരുണ്ട്. മരിക്കാന്‍ ധൈര്യമില്ലാത്തതിന്റെ പേരില്‍ ജീവിക്കുന്നവരുണ്ട്. എന്നാല്‍ അതോടൊപ്പം അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം ജീവിക്കുന്നവരുമുണ്ട്.

അധികകാലം ജീവിക്കുന്നതിനേക്കാള്‍ പ്രധാനമാണ് അന്യന് ഉപകരിക്കുന്ന ജീവിതം. എത്ര പേരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തി എന്നതാണ് ജീവിതത്തെ വിലയിരുത്താനുളള മാര്‍ഗ്ഗം. ജീവിച്ചിരുന്നു എന്നതിന്റെ അടയാളം എവിടെയെങ്കിലും അവശേഷിപ്പിക്കണം. ഒരു വിരലടയാളം പോലും പതിയാത്ത ജീവിതം എന്ത് ജീവിതമാണ്..

ഇതുവരെ എന്തൊക്കെ ചെയ്തു, ഇനി എന്തൊക്കെ ചെയ്യാനുണ്ട് എന്നതിനുള്ള ഉത്തരം കണ്ടെത്തിയാല്‍ നമ്മുടെ ഒരു നിമിഷവും വെറുതെ പാഴാകില്ല.. നമുക്കും നമ്മുടെ കയ്യൊപ്പ് ചാര്‍ത്താം.

– ശുഭദിനം.