വിണ്ണിൽ നിന്നും മണ്ണിലേക്ക് പറന്നിറങ്ങി: ശാസ്ത്രവും മനുഷ്യനും ജയിച്ചു; ഇനി ജീവിതം ദുരിതപൂർണ്ണം

ജനറൽ കറസ്പോണ്ടന്റ്

2025 മാർച്ച് 19. അതിരാവിലെ ഇന്ത്യൻ സമയം 3. 27.കിഴക്കൻ ചക്രവാളത്തിന്റെ നീലാകാശ പശ്ചാത്തലത്തിൽ ആ പേടകം – ഡ്രാഗൺ 10 -മെക്സിക്കൻ ഉൾക്കടലിൽ മെല്ലെ വന്നിറങ്ങി.പറന്നിറങ്ങിയ പേടകത്തിന്റെ വേഗത കുറയ്ക്കാൻ നാല് പാരച്യൂട്ടുകൾ കുട നിവർത്തിയായിരുന്നു ഇറക്കം.ഇവർക്ക് സ്വാഗതം അരുളിയെവണ്ണം നീലക്കടലിന്റെ പരപ്പിൽ ഡോൾഫിന്റെ സല്യൂട്ട്.ഇവിടെ മറ്റൊരു പുതു ചരിത്രം കുറിക്കപ്പെടുകയായിരുന്നു.

ലോകം ആകാംക്ഷയോട് കാത്തിരുന്ന നീണ്ട അനിശ്ചിത ത്വത്തിനൊടുവിൽ ആണ് ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും, വിൽമോറും ,അലക്സാണ്ടർ ഗോർനോവും, നിക്ക് ഹേഗും മടങ്ങിയെത്തിയത്.ആകാംക്ഷയ്ക്കപ്പുറം അല്പം വൈകാരിക നിമിഷങ്ങളിലൂടെയാണ് ലോകം ഈ ചരിത്ര നിമിഷത്തെ അതിജീവിച്ചതെന്ന് പറയാം.കാരണം ഭൂമിയിൽനിന്ന് 400- കിലോമീറ്റർ അകലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ‘പെട്ടു’പോയ സുനിതയുൾപ്പെടെയുള്ളവരുടെ മടങ്ങിവരവ് അനിശ്ചിതത്തിൽ ആയതു മുതൽ സുനിതയും മറ്റുള്ള സംഘവും നമ്മൾക്കൊക്കെ ആരൊക്കെയോ ആയി തീർന്നിരുന്നു. അവരുടെ സുരക്ഷിതത്വം അത് ഏവരുടെയും ആകാംക്ഷയ്ക്കപ്പുറം ആശങ്ക ജനിപ്പിക്കുന്നതായിരുന്നു.നമ്മുടെ മുൻപിൽ മറ്റൊരു ദുരന്തത്തിന്റെ നേർചിത്രം കൽപ്പന ചൗളയുടേതായി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മടങ്ങിവരവിലെ ആശങ്ക ഏവരിലും സമ്മർദ്ദം ചെലുത്തിയിരുന്നു.എന്നാൽ ഇവിടെ ചരിത്രത്തിനൊപ്പം ശാസ്ത്രവും മനുഷ്യനും ജയിച്ചു.

ഭൂമിയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികരുടെ ഇനിയുള്ള ജീവിതം ദുരിത പൂർണ്ണമായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.എട്ടു ദിവസത്തെ പര്യടനത്തിനായിട്ടാണ് സുനിതാ വില്യംസും വിൽമോറും ഭൂമി വിട്ടുപോയത്.287 ദിവസങ്ങൾക്ക് ശേഷമാണ് ഇവർ മടങ്ങിയെത്തിയത്.നീണ്ട കാലത്തെ ബഹിരാകാശ വാസം ഇവർക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.ഇത് മറികടക്കാൻ മൂന്നുവർഷമെങ്കിലും എടുക്കുമെന്നാണ് വിവരം.

ബഹിരാകാശത്ത് സീറോ ഗ്രാവിറ്റിയിൽ ശരീരത്തിൽ ഭാരം അനുഭവപ്പെടാത്തതിനാൽ പേശികളും എല്ലുകളും ക്ഷയിക്കും. ഇതിനെ മസിൽ അട്രോഫിയായെന്നും ,ബോൺ ഡെൻസിറ്റി ലോസ് എന്നും വിളിക്കുന്നു.ഇതിൻ്റെ ഫലമായി ഇവർ ഭൂമിയിൽ എത്തുമ്പോൾ ചെറിയ ഭാരം പോലും ഉയർത്താൻ പ്രയാസമാണ്. നടക്കാൻ പോലും പ്രയാസം അനുഭവപ്പെടുമെന്ന് നാസയുടെ മുൻ ബഹിരാകാശ യാത്രികൻ ലോറായിക്ക് ജിയാവോ സാക്ഷ്യപ്പെടുത്തുന്നു.സന്ധികളെയും എല്ലുകളെയും സംരക്ഷിക്കുന്ന തരുണാസ്ഥികൾക്ക് ദ്രവീകരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.ഇത് ചലനശേഷി ബാധിക്കും.ബഹിരാകാശത്ത് ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനത്തിന് പോലും മാറ്റം സംഭവിക്കും.ഹൃദയം രക്തചംക്രമണം കുറയ്ക്കുന്നു.കാരണം ഗുരുത്വാകർഷണം ഇല്ലാത്തതുകൊണ്ട് രക്തം താഴേക്ക് ഒഴുകുന്നത് തുല്യമായ വിതരണം ചെയ്യുന്നു.ഭൂമിയിലേക്ക് എത്തുമ്പോൾ വീണ്ടും സാധാരണ രക്തചക്രമണം നിലനിർത്താൻ പ്രയാസപ്പെടുന്നു.

അതുപോലെതന്നെ ദീർഘനാൾ ശൂന്യാകാശത്ത് തങ്ങിയവർക്ക് കാഴ്ചശക്തിയിലും മാറ്റം സംഭവിക്കാറുണ്ട്.ഇതിനു കാരണം തലച്ചോറിലെ ദ്രാവകത്തിന്റെ വർദ്ധനവാണ്.തലച്ചോറിലെ ‘വീക്കം ‘ എന്ന അവസ്ഥയിലേക്ക് ഇത് എത്തിച്ചേക്കാം.ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളെയും ബാധിക്കും. ഇത് ഇമ്മ്യൂണിറ്റി കുറയ്ക്കുകയും അണുബാധയുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.എല്ലാത്തിനുമുപരി കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതാണ് ബഹിരാകാശ ജീവിതം.ഭൂമിയിൽ നിന്നും വളരെ അകലെയുള്ള ഒരു പരിസ്ഥിതിയിൽ ജീവിക്കുന്നത് കടുത്ത മാനസിക സമ്മർദ്ദം അനുഭവപ്പെടും .ഈ അവസ്ഥയിൽ നിന്നും മടങ്ങി വരാൻ ഇവർക്ക് സമയമെടുക്കും. ചുരുക്കത്തിൽ ചരിത്രം തിരുത്തി മടങ്ങിയവർ ഇനി പലവിധ ടെസ്റ്റുകളും തെറാപ്പികളും, മാനസികാരോഗ്യ വിദഗ്ധരുടെ പിന്തുണയും ഒക്കെയായിട്ടായിരിക്കും തുടർന്ന് ഇവരുടെ ജീവിതത്തിൻ്റെ നാൾവഴികൾ.

മുൻ നേവി ഓഫീസറും പരിചയസമ്പന്നയായ ബഹിരാകാശ യാത്രികയുയമാണ് സുനിതാ വില്യംസ് .ബഹിരാകാശ പരിവേഷണത്തിന് നൽകിയിട്ടുള്ള മഹത്തായ സംഭാവനകളിലൂടെ നാസയിലെ ഏറ്റവും വലിയ വിജയികളായ യാത്രികരിൽ ഒരാളായി സ്ഥാനവും നേടിയിട്ടുണ്ട് സുനിത. ടെക്സാറ്റസിലെ ഹൂസ്റ്റണിലാണ് ഇവർ താമസിക്കുന്നത്. ഇവരുടെ ഭർത്താവ് മൈക്കിൾ ജെ വില്യംസ് ഒരു ഫെഡറൽ മാർഷൽ ആണ് ‘1965 സെപ്റ്റംബർ 19നാണ് സുനിത ജനിച്ചത്.

ഇവരുടെ പിതാവ് ദീപക്പാണ്ടിയ ഇന്ത്യൻ -അമേരിക്കൻ ശാസ്ത്രജ്ഞൻ ആയിരുന്നു.അമ്മ ഉഷ പാണ്ടിയ വീട്ടമ്മയും.സുനിത ഫിസിക്ക് സയൻസിൽ ബിരുദവും, എൻജിനീയറിങ് മാനേജ്മെൻറിൽ മാസ്റ്റർ ഡിഗ്രിയും നേടി.പിന്നീട് അമേരിക്കൻ നേവിയിൽ ചേർന്ന് ഹെലികോപ്റ്റർ പൈലറ്റ് ആയി പ്രവർത്തിച്ചു. 1998-ൽ നാസയുടെ ബഹിരാകാശ യാത്രിക പരിശീലനത്തിന് സുനിത തെരഞ്ഞെടുക്കപ്പെട്ടു.പിന്നീടങ്ങോട്ട് ഇന്ത്യക്കാരും അഭിമാനത്തോടെ പറയുന്ന പേരായി മാറി സുനിത വില്യംസ് എന്നത്.

ബഹിരാകാശ നിലയത്തിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിലും അതി വിദഗ്ദയാണ് സുനിതാ വില്യംസ്. ആദ്യമായി സുനിത ബഹിരാകാശത്തേക്ക് പോകുന്നത് 2006ലും , രണ്ടാമത് 2012ലും ,മൂന്നാമത്തെ യാത്രയായിരുന്നു 2024 ജൂൺ മാസത്തിലെ ഇത്തവണത്തെ യാത്ര.

കുറെയേറെ റെക്കോർഡുകളോ ടുകൂടി അതിസാഹസ്യ അവസ്ഥയും പിന്നിട്ട് വളരെ സുരക്ഷിതയായി ഭൂമിയിൽ എത്തിയപ്പോൾ മറ്റുള്ളവർക്ക് ഒപ്പം ഇന്ത്യൻ വംശജയായ സുനിതയെ ഓർത്ത് നമുക്കും അഭിമാനിക്കാം… ഒപ്പം ശാസ്ത്രത്തിൻ്റെ അണുവിണ വിടാത്ത ശാസ്ത്രസാങ്കേതിക വിദ്യയുടെ കണിശത ഓർത്തും.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*