പലസ്തീന്‍ അനുകൂല പ്രക്ഷോഭം; യുഎസ് വിസ റദ്ദാക്കിയ ഇന്ത്യൻ വിദ്യാർഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി

വാഷിങ്ടണ്‍: പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് യു.എസ്. വിസ റദ്ദാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് അമേരിക്കയില്‍നിന്ന് സ്വമേധയാ നാട്ടിലേക്ക് മടങ്ങിയത്.

നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥിനിയുടെ വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ യു.എസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. തീവ്രവാദത്തെയും അക്രമത്തെയും ന്യായീകരിക്കുന്നത് ഈ രാജ്യത്ത് അനുവദിക്കില്ലെന്ന് വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍ക്കൊപ്പം സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

അമേരിക്കയില്‍ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് ഒരു പ്രത്യേക ആനുകൂല്യമാണ്. അക്രമത്തിനും തീവ്രവാദത്തിനും വേണ്ടി വാദിച്ചാല്‍ ആ ആനുകൂല്യം റദ്ദാക്കപ്പെടും. നിങ്ങള്‍ ഈ രാജ്യത്തുണ്ടാകരുതെന്നും ദൃശ്യങ്ങള്‍ക്കൊപ്പം സെക്യൂരിറ്റി സെക്രട്ടറി കുറിച്ചു.

ഹമാസിനെ പിന്തുണച്ച് പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് മാര്‍ച്ച് അഞ്ചാം തീയതി രഞ്ജനി ശ്രീനിവാസന്റെ സ്റ്റുഡന്റ് വിസ യു.എസ്. റദ്ദാക്കിയത്. ഇതിനുപിന്നാലെയാണ് അധികൃതര്‍ നാടുകടത്തുന്നതിന് മുന്‍പേ സ്വമേധയാ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഉപയോഗപ്പെടുത്തി വിദ്യാര്‍ഥിനി നാട്ടിലേക്ക് മടങ്ങിയത്.

കൊളംബിയ സര്‍വകലാശാലയ്ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ ഗവേഷക വിദ്യാര്‍ഥിനിയാണ് രഞ്ജിനി ശ്രീനിവാസന്‍. അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്ലാനിങ്‌ ആന്‍ഡ് ടെക്‌നോളജിയില്‍നിന്ന് ബിരുദവും ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് രഞ്ജനി ഗവേഷണത്തിനായി കൊളംബിയ സര്‍വകലാശാലയിലെത്തിയത്.

പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് കൊളംബിയ സര്‍വകലാശാലയിലെ മറ്റുചില വിദ്യാര്‍ഥികള്‍ക്കെതിരേയും നേരത്തെ നടപടിയെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം കൊളംബിയ സര്‍വകലാശാല കാംപസില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് മഹ്‌മൗദ് ഖലീല്‍ എന്ന പൂര്‍വ വിദ്യാര്‍ഥി യു.എസില്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ ഗ്രീന്‍ കാര്‍ഡും അധികൃതര്‍ റദ്ദാക്കി. ലെഖ കോര്‍ഡിയ എന്ന വിദ്യാര്‍ഥിനിയും പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് യു.എസില്‍ അറസ്റ്റിലായിരുന്നു.