പ്രശസ്ത അനസ്ത്യോളജിസ്റ്റ് ഡോ. മറിയാമ്മ അലക്സാണ്ടർ അന്തരിച്ചു; സംസ്ക്കാരം ബുധനാഴ്ച പെരുമ്പാവൂരിൽ

വാർത്ത:ഷാജി ആലുവിള

പെരുമ്പാവൂർ: പ്രശസ്ത അനസ്ത്യോളജിസ്റ്റ് ഡോ. മറിയാമ്മ അലക്സാണ്ടർ(86) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച പെരുമ്പാവൂരിൽ.

പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെയും സമൂഹത്തിൻ്റെയും നന്മക്ക് ചെയ്യുന്ന സ്വമേധാ പ്രവർത്തനമാണ് സേവനം. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഡോ. മറിയാമ്മ അലക്സാണ്ടർ. തൻ്റെ ഒരായുസ്സ് മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി ജീവിതം അർപ്പിച്ച ഡോ. മറിയാമ്മയുടെ ആതുര സേവനം വിലമതിക്കാത്തതാണ്.

ആ സ്നേഹവും കരുതലും അനേകരിലൂടെ ഇനി ജീവിച്ചിരിക്കും. കാരണം ഭർത്താവ് ഡോ. അലക്സാണ്ടറിൻ്റെ സ്മരണക്കായി ആരംഭിച്ച അലക്സാണ്ടർ മെമ്മോറിയൽ ട്രസ്റ്റിലൂടെ കിഡ്നി മാറ്റി വെച്ചും ഡയാലിസിസ് ചെയ്തും ജീവിതത്തിലേക്ക് തിരികെ വന്ന അനേകർ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ജീവിച്ചിരിക്കുന്നു. ഭവന രഹിതർ, പെൺമക്കളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവക്കായി ഡോ. മറിയാമ്മയെ സമീപിച്ചാൽ ജാതി, മത, സഭാ വ്യത്യാസം കൂടാതെ സഹായം എത്തിച്ചു കൊടുക്കും. ആരുടെയും വേദനയിൽ നിറമനസ്സോടെ സഹായത്തിൻ്റെ കരം കൊടുത്ത് സഹയിച്ചിരുന്ന മറ്റൊരു മദർ തെരേസ ആയിരുന്നു ഡോ. മറിയാമ്മ ആൻ്റി.

ഡോ. മറിയാമ്മയുടെ സഹോദരൻ പെരുമ്പാവൂർ സ്വദേശിയായ ഡോ. ജോൺ ജോസഫ് വഴി എനിക്കും ആ സഹായം അനേകർക്ക് വാങ്ങി കൊടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഞാൻ പറഞ്ഞിട്ടുള്ള എല്ലാവർക്കും സഹായം ചെയ്തിട്ടുമുണ്ട്. ആവശ്യക്കാരുടെ അപേക്ഷ സാക്ഷ്യ പത്രത്തിനൊപ്പം ട്രസ്റ്റിൽ എത്തിച്ചാൽ ഡോ.ജോൺ ജോസഫ് ആണ് ഞാൻ നൽകിയിരുന്ന അപേക്ഷകൾക്ക് ശുപാർശ ചെയ്ത് ക്രമീകരണങ്ങൾ ചെയ്തിരുന്നത്.

പ്രശസ്ത അനസ്ത്യോളജിസ്റ്റ് ഡോ. മറിയാമ്മ അലക്സാണ്ടർ എറണാകുളം ചൂളക്കൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. പരേതനായ അലക്സാണ്ടർ ആണ് ഭർത്താവ്.
അനസ്തേഷ്യയിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. അവിടെ നിന്നും അമേരിക്കൻ ബോർഡ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.

തുടർന്ന് 1971 ൽ ബാംഗ്ലൂരിൽ സ്ഥിരതാമസം ആക്കി എങ്കിലും 1990 വരെ ബാംഗ്ലൂരിലും അമേരിക്കയിലും ജോലി ചെയ്തു. പിന്നീട് സ്ഥിരമായി ബാംഗ്ലൂരിൽ മാത്രം ആയിരുന്നു സേവനം. ആതുര സേവനത്തിൻ്റെ കേന്ദ്രവും ബാംഗ്ലൂർ തന്നെയായിരുന്നു. അനസ്തേഷ്യക്ക് യു എസ്സിൽ കണ്ടെത്തിയ അതി നൂതന സംവിധാനം ഇന്ത്യയിൽ പരിചയപ്പെടുത്തിയത് ഡോ. മറിയാമ്മ അലക്സാണ്ടർ ആയിരുന്നു.

ശസ്ത്രക്രിയ സമയത്ത് രക്തമൊഴുക്കിൻ്റെ ശക്തി കുറക്കാൻ, രക്ത സമ്മർദ്ദം നിയന്ത്രിതമാക്കി സർജനെ സഹായിക്കുന്ന വിദ്യ ബാംഗ്ലൂരിലെ ആശുപത്രികളിൽ പരിചയപ്പെടുത്തിയതും ഡോ. മറിയാമ്മ തന്നെയാണ്. വൈദ്യശാസ്ത്രം ഇത്രയും സങ്കേതിക വിദ്യയിൽ വ്യാപകം അല്ലാതിരുന്ന ഈ കാലഘട്ടത്തിൽ ഡോ. മറിയാമ്മയുടെ സേവന മികവ് അനേകരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായത്.

ആരുടെയും ജീവൻ രക്ഷിക്കുക എന്ന മെഡിക്കൽ എത്തിക്സ് തൻ്റെ സേവനകാലം മുഴുവൻ കാത്ത് സൂക്ഷിച്ചിരുന്നു. അത് ഒരു കർമ്മം മാത്രമല്ല ധർമ്മം കൂടിയാണെന്ന് സമൂഹത്തിൽ അവർ പഠിപ്പിച്ചു.

പ്രശസ്ത നടൻ അമിതാഭ് ബച്ചന് ബാംഗ്ലൂരിൽ വെച്ച് ഷൂട്ടിങ്ങിനിടയിൽ ഗുരുതര പരുക്കോടെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സ വൈകി ഗുരുതരാവസ്ഥയിൽ ആയിരുന്ന ബച്ചന് ശാസ്ത്ര ക്രിയ നടത്തിയ ഡോക്ടർമാർ അനസ്തേഷ്യ നൽകാൻ ആവശ്യപ്പെട്ടത് ഡോ. മറിയാമ്മ അലക്സാണ്ടർ നേ ആയിരുന്നു. മറ്റൊരു അശുപത്രിയിൽ ഡ്യൂട്ടിയിൽ ആയിരുന്നു ആ സമയം ഡോ. മറിയാമ്മ. അവിടെ വേറെ ഡോക്ടറിൻ്റെ സേവനം ക്രമീകരിച്ചിട്ടാണ് അതിവേഗം അവിടേക്ക് എത്തിയത്.
ബംഗളൂരിലുള്ള പ്രശസ്തമായ അനേക ആശുപത്രികൾ ഉൾപ്പെടെ ഇരുപതോളം ആരോഗ്യ കേന്ദ്രങ്ങളിൽ തൻ്റെ സേവനം വളരെ വിലയേറിയതായിരുന്നു.

ഡോ. മറിയാമ്മ അലക്സാണ്ടർ വാർധക്യ ക്ഷീണം കാരണം പെരുമ്പാവൂർ ചെമ്പറക്കി ബ്ലസ് റിട്ടയർ ഹോമിൽ ആയിരുന്നു വിശ്രമം. കഴിഞ്ഞ തിങ്കൾ (7/3/2025) ന് റിട്ടയർ ഹോമിലായിരുന്നു അന്ത്യം. സംസ്ക്കാര ശുശ്രൂഷ ബുധൻ(12/3/2025) രാവിലെ 9 ന് ബ്ലസ് ഹോമിൽ ആരംഭിക്കും. തുടർന്ന് മലമുറിയിൽ സംസ്ക്കരിക്കും.

കാർഡിയോ തോറസിക് സർജൻ ആയിരുന്നു ഭർത്താവ് പരേതനായ ഡോ. ഫിലിപ്പ് അലക്സാണ്ടർ.
മക്കൾ: ഡോ. ഫിലിപ്പ് ജോസഫ് അലക്സാണ്ടർ (യു എസ് എ), ഡോ. ബിന്ദു അലക്സാണ്ടർ. (യു എസ് എ)
മരുമക്കൾ: ദീപ അലക്സാണ്ടർ, (യു എസ് എ) അങ്കുഷ് പട്ടേൽ (യു എസ് എ)