ഹൈക്കോടതിയിൽ അസാധാരണ പ്രതിസന്ധി: ജ‍ഡ്ജി മാപ്പുപറയണമെന്നാവശ്യപ്പെട്ട് അഭിഭാഷകരുടെ പ്രതിഷേധം

കൊച്ചി : ജസ്റ്റിസ്‌ എ. ബദറുദ്ദീനെതിരെ ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം. വനിത അഭിഭാഷകയെ അപമാനിക്കുന്ന രീതിയിൽ ജഡ്ജി പെരുമാറി എന്ന് ആരോപിച്ചാണ് അഭിഭാഷക അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നത്.ജസ്റ്റിസ് ബദറുദ്ദീൻ കോടതിയിൽ മാപ്പ് പറയണം എന്നാണ് അഭിഭാഷകർ ആവശ്യപ്പെടുന്നത്. എന്നാൽ തുറന്ന കോടതിയിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നാണ് എ.ബദറുദ്ദീന്റെ നിലപാട്. വിഷയം പഠിക്കാൻ ചീഫ് ജസ്റ്റിസ് സാവകാശം തേടി.

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്നു അഡ്വ. അലക്‌സ് എം. സ്‌കറിയ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സരിതയും അഭിഭാഷകയാണ്. അലകസ് എം സ്കറിയ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഏറ്റെടുത്ത കേസിന്റെ വക്കാലത്ത് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു. മാർച്ച് ആറിന് പരിഗണിക്കാൻ കേസ് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇന്നലെ ഈ കേസ് പരിഗണിക്കവേ അഡ്വ സരിത ഹാജരാവുകയും ഭര്‍ത്താവ് മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിപ്പിന് സാവകാശം ചോദിച്ചതുമാണ് ജസ്റ്റിസ്‌ ബദറുദ്ദീനെ പ്രകോപിപ്പിച്ചത്‌. കേസുകൾ നീട്ടിക്കൊണ്ടു പോവാനില്ലെന്നായിരുന്നു ജസ്റ്റിസ് ബദറുദ്ദീന്റെ നിലപാട്. അലക്സിനേയും അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചും അറിയില്ലെന്ന നിലയിലായിരുന്നു ജസ്റ്റിസിന്റെ പെരുമാറ്റവും. അദ്ദേഹത്തിന്റെ വാക്കുകൾ സരിതയെ വേദനിപ്പിക്കുകയും അവർ കരഞ്ഞുകൊണ്ടാണ് കോടതി വിട്ടതെന്നും സഹപ്രവർത്തകർ പറയുന്നു.

തുറന്ന കോടതിയിൽ ബദറുദ്ദീൻ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് അദ്ദേഹത്തിന്റെ കോടതി മുറി അഭിഭാഷകർ ഉപരോധിച്ചത്. മാപ്പ് പറയാത്ത പക്ഷം അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്ന് കോടതി നടപടികൾ ബഹിഷ്കരിക്കുമെന്നാണ് അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെട്ട് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.