റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ മാർച്ച് 12 മുതൽ

ചെന്നൈ: ദി പെന്തെക്കൊസ്‌ത്‌ മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച് 12 മുതൽ 16 ഞായർ വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം സഭാ ആസ്ഥാനത്ത് നടക്കും.

ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും യുവജന മീറ്റിംഗ് എന്നിവ നടക്കും. ഞായറാഴ്ച രാവിലെ സ്‌നാന ശുശ്രൂഷയും തുടർന്ന് 9 ന് ഇരുമ്പല്ലിയൂർ, അഡയാർ, കടലൂർ, വെല്ലൂർ സെൻ്ററുകളിലെ 120 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 6 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും വിശ്വാസികളും ശുശ്രൂഷകരും കൺവൻഷനിൽ പങ്കെടുക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. പ്രസംഗം തത്സമയം ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, പഞ്ചാബി, സിംഹള, നേപ്പാളി, നാഗാമിസ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. മാർച്ച് 11 ന് ശുശ്രൂഷക സമ്മേളനവും മാർച്ച് 17 ന് സഭയുടെ വാർഷിക ജനറൽ ബോഡിയും പാസ്റ്റേഴ്സ് ഓഡിനേഷനും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.

ദൈവിക രോഗശാന്തി ശുശ്രൂഷയുടെ അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റിപിഎം സഭകളിൽ പ്രത്യേക ഉപവാസ പ്രാർത്ഥന നടക്കും. കൺവൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി സഭ ആസ്ഥാനത്ത് 24 മണിക്കൂർ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും കൺവൻഷൻ ദിവസങ്ങളിൽ നടക്കും. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ കൺവൻഷന് നേതൃത്വം നൽകും. വിശാലമായ വാഹന പാർക്കിംഗ്
സംവിധാനങ്ങൾ കൺവൻഷൻ ഗ്രൗണ്ടിന് സമീപം ക്രമീകരിച്ചിട്ടുണ്ട്. കൺവൻഷന് പങ്കെടുക്കുന്നവർക്ക് ഭക്ഷണം, താമസം സൗജന്യമായി ഒരുക്കിട്ടുണ്ട്. കൺവൻഷൻ അന്വേഷണ കൗണ്ടറുകൾ താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിലും ചെന്നൈ എയർപോർട്ടിലും കൺവൻഷൻ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും.

താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നെ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ് സർവീസുകൾ തമിഴ്‌നാട് സർക്കാർ ക്രമീകരിചിട്ടുണ്ട്. ബസ്, റെയിൽവേ, എയർ ടിക്കറ്റ് എടുക്കുവാൻ ഉള്ള ക്രമീകരണങ്ങൾ സഭ ആസ്ഥാനത്ത് ഒരുക്കിട്ടുണ്ട്. ആയിരത്തോളം വിശ്വാസികളും ശുശ്രൂഷകരും ഉൾപ്പെട്ട വോളന്റിയേഴ്സ് കൺവൻഷനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കും.

സഭയുടെ സാർവ്വദേശീയ കൺവൻഷനുകൾ ചെന്നൈ, കൊട്ടാരക്കര, കോക്കാവിള (ശ്രീലങ്ക), പെൻസിൽവ (യു എസ്) എന്നിവിടങ്ങളിലാണ് എല്ലാ വർഷവും നടക്കുന്നത്.