ഇടുക്കി: കേരള സർക്കാർ വനിത ശിശു വികസന വകുപ്പിന്റെ മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള 2023 -24 ലെ സംസ്ഥാനതല അവാർഡിന് ഇടുക്കി ജില്ലയിൽ നിന്നുമുള്ള സ്നേഹസേവ്യർ അർഹയായി.
സ്നേഹ സേവ്യർ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ചപ്പാത്ത് സെൻ്ററിന് കീഴിലുള്ള മാട്ടുക്കട്ട ദൈവ സഭ അംഗമാണ്.
ഇപ്പോൾ സൺഡേസ്കൂൾ സെൻ്റർ തലത്തിൽ ജോയിൻ്റ് സെക്രട്ടറിയും പ്രവർത്തിച്ചുവരുന്നു.കേരള സ്റ്റേറ്റ് താലന്ത് പരി ശോധനയിൽ 2023-ലെ വ്യക്തിഗത ചാമ്പ്യൻ ആയിരുന്നു സ്നേഹ സേവ്യർ.
സ്ത്രീകളുടെയും കുട്ടികളുടെയും സേവനത്തിനും ആരോഗ്യ പോഷകാഹാര സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ഇന്ത്യ ഗവൺമെൻറിൻ്റെ വനിത – ശിശു വികസന മന്ത്രാലയം 1975 ഒക്ടോബർ രണ്ടാം തീയതി നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് ‘സംയോജിത ശിശു വികസന സേവന പദ്ധതി'(ഐ സി ഡി എസ്).നവജാത ശിശു മുതൽ ആറു വയസ്സിൽ താഴെയുള്ള കുട്ടികൾ ,അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ തുടങ്ങിയവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ പോഷകാഹാരം കുറവ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയവയാണ് ഐ സി ഡി എസിന്റെ പ്രധാന പ്രവർത്തനങ്ങൾ.
ഐസിഡിഎസ് കട്ടപ്പന പ്രോജക്ട് കാഞ്ചിയാർ പഞ്ചായത്തിലെ സൂപ്പർവൈസർ ആയിട്ടാണ് ഇപ്പോൾ സ്നേഹ സേവനം അനുഷ്ഠിക്കുന്നത്.2023 – 24 -ലെ പ്രവർത്തന മികവ് പരിഗണിച്ചാണ് അവാർഡിന് അർഹരായായത്.
മാർച്ച് 8 -ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വനിതാദിനാഘോഷ പരിപാടിയിൽ ആരോഗ്യ- വനിത വികസന വകുപ്പ് മന്ത്രി വീണ ജോർജ് അവാർഡ് ദാനം നിർവഹിക്കും.
ഇടുക്കി അയ്യപ്പൻ കോവിൽ മാട്ടുക്കട്ട സ്വദേശിയാണ് സ്നേഹ സേവ്യർ. കപ്പിലാംമൂട്ടിൽ ജയ്മോൻ തോമസാണ് ഭർത്താവ്. ഏക മകൻ ജോഹാൻ ജയ് തോമസ്.



