ചണ്ഡീഗഡ്: ഹരിയാന യൂത്ത് കോൺഗ്രസ് വനിതാ നേതാവ് ഹിമാനി നര്‍വാളിനെ കൊലപ്പെടുത്തിയത് ആൺ സുഹൃത്തായ സച്ചിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനായി മൊബൈൽ ചാർജർ ഉപയോഗിച്ചതായും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയായ സച്ചിൻ വിവാഹിതനാണെന്നും ഹരിയാന ജില്ലയിലെ ഝജ്ജാർ എന്ന സ്ഥലത്ത് മൊബൈൽ ഷോപ്പ് നടത്തിയതായും പൊലീസ് അറിയിച്ചു.
ഹിമാനി നര്‍വാളിനെ കൊലപ്പെടുത്തിയ കേസിൽ, ഝജ്ജാറിൽ മൊബൈൽ ഷോപ്പ് നടത്തി വരുന്ന സച്ചിൻ എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് പരിചയത്തിലാകുന്നത്. റോഹ്തകിലെ വിജയ് നഗർ എന്ന സ്ഥലത്ത് ഒറ്റയ്ക്കാണ് ഹിമാനി താമസിച്ചിരുന്നത്. സച്ചിൻ ഇടയ്ക്കിടെ ഹിമാനി നര്‍വാളിനെ സന്ദർശിക്കുന്നതിനായി അവരുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27 നും പ്രതിയായ സച്ചിൻ ഹിമാനിയുടെ വീട്ടിൽ എത്തിയിരുന്നു. എന്തോ കാര്യത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് മൊബൈൽ ചാർജർ ഉപയോഗിച്ച് പ്രതി ഹിമാനിയെ കൊലപ്പെടുത്തുകയായിരുന്നു’വെന്ന് റോഹ്തക് എഡിജിപി കൃഷൻ കുമാർ റാവു മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകത്തിന് ശേഷം പ്രതി ഹിമാനി നര്‍വാളിന്റെ ആഭരണങ്ങളും ഫോണും ലാപ്ടോപ്പും കവർന്നെടുത്തു. ശേഷം മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി സാംപ്ല ബസിന് സമീപമുള്ള ഒരു കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇരുവർക്കുമിടയിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. അത് സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. അന്വേഷണത്തിൽ എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും എഡിജിപി കൃഷൻ കുമാർ റാവു കൂട്ടിച്ചേർത്തു. പ്രതിയുടെ കൈയ്യിൽ കടിയേറ്റ പാടുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. സ്വയം പ്രതിരോധിക്കുന്നതിനായി ഹിമാനി തന്നെ പ്രതിയെ ആക്രമിച്ചതായാണ് പൊലീസിന്റെ നിഗമനം.
കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഹിമാനി നര്‍വാള്‍ എന്ന ഇരുപത്തിരണ്ടുകാരിയുടെ മൃതദേഹം കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രാഹുൽഗാന്ധി നയിച്ച ഭാരത്ജോഡോ യാത്രയിലടക്കം പങ്കെടുത്ത കോൺഗ്രസിന്റെ സജീവ പ്രവർത്തകയായിരുന്നു ഹിമാനി നര്‍വാൾ. ഒരു നീല സ്യൂട്ട്കേസിൽ അജ്ഞാത മൃതദേഹം കണ്ടെന്ന് പറഞ്ഞ് വഴിയാത്രക്കാരാണ് പൊലീസിൽ വിവരമറിയിക്കുന്നത്. നർവാളിന്റെ കഴുത്തിൽ ദുപ്പട്ട ചുറ്റിയ നിലയിലായിരുന്നു. കൈകളിൽ മെഹന്തി ധരിച്ചിരുന്നതായും പൊലീസ് അറിയിച്ചിരുന്നു.



