ജര്‍മനിയില്‍ ആൾക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി ആക്രമണം; രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

ബെര്‍ലിന്‍: ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി ആക്രമണം. മാന്‍ഹൈം നഗരത്തിലാണ് സംഭവം. ആക്രമണത്തിൽ രണ്ടുപേർ മരിച്ചതായും നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പടിഞ്ഞാറന്‍ ജര്‍മനിയുടെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന പാരഡേപ്ലാറ്റ്‌സ് സ്‌ക്വയറില്‍ നിന്ന് മാന്‍ഹേമിലെ വാട്ടര്‍ ടവറിലേക്കുള്ള പാതയിലാണ് കറുത്ത നിറത്തിലുള്ള എസ്.യു.വി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറ്റിയത്. സംഭവത്തില്‍ പ്രതിയെന്ന സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതൽപേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

അടുത്തിടെയായി ജര്‍മനിയില്‍ ഇത്തരം ആക്രമണങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മ്യൂണിക്കിൽ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ ആക്രമണത്തിൽ 37-കാരിയും അവരുടെ രണ്ടുവയസ്സുകാരി മകളും മരിച്ചിരുന്നു. ഫര്‍ഹാദ് നൂറി എന്നയാള്‍ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ പിടിയിലായിരുന്നു.