ടെല്‍ അവീവ്: ഹമാസ് സായുധസംഘം 2023 ഒക്ടോബർ ഏഴിന് നടത്തിയ മിന്നലാക്രമണം തടയുന്നതില്‍ തങ്ങള്‍ പൂർണ്ണമായി പരാജയപ്പെട്ടെന്ന് ഇസ്രയേല്‍ സൈന്യം.
ആക്രമണത്തെ കുറിച്ചുള്ള സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹമാസിന്റെ ശേഷി മുൻകൂട്ടി അറിയാൻ കഴിഞ്ഞില്ലെന്നും വ്യാഴാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടില്‍ സൈന്യം പറയുന്നതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
‘ഞങ്ങള്‍ അമിത ആത്മവിശ്വാസത്തിലായിരുന്നു. മേഖലയിലെ ശക്തമായ സൈന്യമായിട്ടുപോലും ഹമാസിനെ വിലയിരുത്തുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അതിന്റെ ശേഷിയെ വിലകുറച്ച് കണ്ടു. ഇത്തരമൊരു അപ്രതീക്ഷിത ആക്രമണത്തെ നേരിടാൻ ഇസ്രയേല്‍ സൈന്യം ഒട്ടും സജ്ജരായിരുന്നില്ല. ഐ.ഡി.എഫ്. എവിടെ എന്ന് ഉള്ളില്‍തട്ടി ചോദിച്ചുകൊണ്ടാണ് അന്ന് നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടത്.’ -ഇസ്രയേല്‍ സൈന്യത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിനോട് യുദ്ധം ചെയ്യുന്നതിനേക്കാള്‍ ഗാസ ഭരിക്കാനാണ് ഹമാസിന് കൂടുതല്‍ താത്പര്യമെന്നതായിരുന്നു ഹമാസിനെ കുറിച്ചുള്ള തങ്ങളുടെ പ്രധാന തെറ്റിദ്ധാരണയെന്നും സൈന്യം പറയുന്നു. ഹമാസിന്റെ ശേഷി തെറ്റായാണ് ഐ.ഡി.എഫ്. മനസിലാക്കിയത്. പരമാവധി എട്ട് അതിർത്തി പോയിന്റുകളില്‍ മാത്രമേ ആക്രമണം നടത്താൻ കഴിയൂ എന്നാണ് ഇസ്രയേല്‍ സൈന്യം കരുതിയിരുന്നത്. എന്നാല്‍ യഥാർഥത്തില്‍ അതിർത്തി കടന്ന് ആക്രമണം നടത്താനായുള്ള 60-ലേറെ മാർഗങ്ങള്‍ ഹമാസിനുണ്ടായിരുന്നു.
ഒക്ടോബർ ഏഴിന് മുമ്ബ് മൂന്ന് തവണ ആക്രമണത്തിന്റെ വക്കോളമെത്തിയ ശേഷം ഏതോ കാരണങ്ങളാല്‍ ഹമാസ് അത് മാറ്റിവെക്കുകയായിരുന്നുവെന്നാണ് ആക്രമണത്തിന് ശേഷം ഇന്റലിജൻസ് വിലയിരുത്തിയത്. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് തന്നെ അവിടെ എന്തോ സംഭവിക്കാൻ പോകുന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. ഹമാസ് അംഗങ്ങള്‍ തങ്ങളുടെ ഫോണുകള്‍ ഇസ്രയേല്‍ നെറ്റ്വർക്കിലേക്ക് മാറ്റിയത് ഇതില്‍ പ്രധാനപ്പെട്ടതായിരുന്നുവെന്നും സൈന്യം പറഞ്ഞു.



