ജയില്‍ മോചനത്തിന് മന്ത്രിസഭ ശുപാര്‍ശ ചെയ്ത ഷെറിനെതിരെ സഹതടവുകാരിയെ ആക്രമിച്ചതിന് കേസ്

കണ്ണൂർ: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചതിനാണ് കേസ്.

വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്‍മോചനം നല്‍കാൻ മന്ത്രിസഭാ യോഗം ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ ഗവർണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ് വന്നിരിക്കുന്നത്.

ഷെറിന് ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു. ജയില്‍ ഉപദേശക സമിതിയുടെ ശുപാർശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടിയെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാല്‍ ജയിലില്‍ ഇവർക്ക് വഴിവിട്ട് പരിഗണനകള്‍ ലഭിച്ചിരുന്നതായി സഹതടവുകാരുടെ വെളിപ്പെടുത്തലടക്കം ഉണ്ടാകുയും ചെയ്തിരുന്നു.

ഈ വിവാദങ്ങള്‍ക്കിടെയാണ് ഈ മാസം 24ന് ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് വിദേശ വനിതയെ അക്രമിച്ചത്. ഇതില്‍ കണ്ണൂർ ടൗണ്‍ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുടിവെള്ളമെടുക്കാനായി പോയ വിദേശ വനിതയെ ഇവർ ചേർന്ന് തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നു എന്നാണ് എഫ്‌ഐആറിലുള്ളത്.

മുമ്ബും സഹതടവുകാരുമായി ഷെറിൻ പ്രശ്നങ്ങളിലേർപ്പെട്ടിട്ടുണ്ടെന്ന് ആരോപണങ്ങളുയർന്നിരുന്നു. എന്നാല്‍ ജയിലിലെ നല്ല നടപ്പുകൊണ്ടാണ് ശിക്ഷായിളവിന് ഷെറിനെ പരിഗണിച്ചതെന്നായിരുന്നു കണ്ണൂർ വനിതാ ജയില്‍ ഉപദേശക സമിതിയുടെ വാദം.