പനിയും രക്തസ്രാവവും, കോംഗോയില്‍ അജ്ഞാതരോഗം ബാധിച്ച് 53 മരണം;ആദ്യ രോഗബാധ വവ്വാലിനെ തിന്ന കുട്ടികളില്‍

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ (കോംഗോ) വടക്കുപടിഞ്ഞാറ് അജ്ഞാതരോഗം പടരുന്നു. ജനുവരി 21-നു കണ്ടെത്തിയ രോഗം 53 പേരുടെ ജീവനെടുത്തു. രോഗലക്ഷണം പ്രകടിപ്പിച്ച് 48 മണിക്കൂറിനുള്ളിലാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് ബികോറോ ആശുപത്രിയധികൃതര്‍ പറഞ്ഞു. ഇവരുള്‍പ്പെടെ 419 പേരെയാണ് രോഗം ബാധിച്ചത്.

ബൊളോകോ പട്ടണത്തില്‍ വവ്വാലിനെ തിന്ന മൂന്നു കുട്ടികളിലാണ് ആദ്യം രോഗം റിപ്പോര്‍ട്ടുചെയ്തത്. വവ്വാലിനെ കഴിച്ച് 48 മണിക്കൂറിനുള്ളില്‍ പനിയും രക്തസ്രാവവുമുണ്ടായി കുട്ടികള്‍ മരിച്ചു. ഈ മാസം ഒമ്പതിന് ബൊമാറ്റെ പട്ടണത്തിലും സമാനമായ രോഗബാധയും മരണങ്ങളുമുണ്ടായെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു.

ഓരോ ദിവസം കഴിയുമ്പോഴും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും വലിയൊരു പൊതുജനാരോഗ്യ പ്രശ്‌നമായി മാറുകയാണെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു. രോഗകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവികളെ ആഹാരമാക്കുന്ന പ്രദേശങ്ങളില്‍ ജന്തുക്കളില്‍നിന്ന് രോഗാണുക്കളും രോഗവും മനുഷ്യരെ ബാധിക്കാറുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.