ഫ്രഞ്ച് നഗരമായ മാര്‍സെയിലിലെ റഷ്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം.
തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7:30 ഓടെയാണ് സ്ഫോടനം നടന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
സ്‌ഫോടനത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും ഭൗതിക നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കോണ്‍സുലേറ്റിന്റെ പൂന്തോട്ടത്തിലേക്ക് രണ്ട് മൊളോടോവ് കോക്ടെയിലുകള്‍ എറിഞ്ഞതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവസ്ഥലത്തിന് സമീപം കണ്ടെത്തിയ മോഷ്ടിച്ച വാഹനത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കോണ്‍സുലേറ്റിനുള്ളില്‍ ഒരു സ്‌ഫോടനം നടന്നതായും അഗ്‌നിശമന സേനാംഗങ്ങള്‍ കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചതായും ലാ മാര്‍സെയിലൈസ് പത്രം സ്ഥിരീകരിച്ചു.
സംഭവത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ലെങ്കിലും, യൂറോപ്പിലെ രാജ്യത്തിന്റെ നയതന്ത്ര ദൗത്യങ്ങള്‍ യുക്രെയ്ന്‍ ‘ഭീകര ആക്രമണങ്ങളുടെ’ ലക്ഷ്യമായി മാറിയേക്കാമെന്ന് റഷ്യയുടെ വിദേശ ഇന്റലിജന്‍സ് ഏജന്‍സി (എസ്വിആര്‍) കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. റഷ്യയുമായി ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പില്‍ എത്താന്‍ യുക്രെയ്ന്‍ ‘അങ്ങേയറ്റം മടിക്കുന്നു’ എന്ന് ഇന്റിലജന്‍സ് ഏജന്‍സി സൂചിപ്പിച്ചു.
ജര്‍മ്മനി, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലെയും ബാള്‍ട്ടിക് രാജ്യങ്ങളിലെയും നോര്‍ഡിക് രാജ്യങ്ങളിലെയും റഷ്യയുടെ എംബസികള്‍ ആക്രമിച്ചുകൊണ്ട് റഷ്യ-അമേരിക്ക ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍ യുക്രെയ്ന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചേക്കാമെന്നും മുന്നറിയിപ്പ് നല്‍കി.റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തിന് ഒരു ഭീകരാക്രമണത്തിന്റെ എല്ലാ സ്വഭാവസവിശേഷതകളുമുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞു. ഫ്രഞ്ച് അധികാരികള്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും രാജ്യത്തെ റഷ്യന്‍ സ്ഥാപനങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.



