ആനകളുടെ ആക്രമണം തുടരുന്നു; ഇന്നും ആദിവാസി ദമ്പതികളെ ആന കൊന്നു

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം. കശുവണ്ടി ശേഖരിക്കുന്നതിനിടയിൽ ആദിവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് വിവരം. ആർആർടി സംഘം പ്രദേശത്തെത്തിയിട്ടുണ്ട്. ആന കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.

ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. വേലി നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരേ മേഖലയിൽ പ്രതിഷേധവും ശക്തമാണ്.