ആഘോഷത്തിനിടെ അതിഥി പൊട്ടിച്ച വെടി കൊണ്ടത് നെഞ്ചിൽ; പഞ്ചാബിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവ് മരിച്ചു

ജലന്ധർ: ഒരു വിവാഹ ചടങ്ങിനിടെ നടന്ന ആഘോഷ പ്രകടനത്തിനിടെ വെടിയേറ്റ് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവ് മരിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. 45കാരനായ പരംജിത് സിങ് ആണ് മരിച്ചത്. അതിഥികൾ കൂട്ടംകൂടി ആഹ്ളാദ പ്രകടനം നടത്തുന്ന വേളയിലാണ് സംഭവം.

ഗൊറായയില്‍ ആയിരുന്നു ചടങ്ങ്. ഒരു ഡസനോളം പുരുഷന്മാര്‍ നൃത്തം ചെയ്യുകയും കാഷ് എറിയുകയും ചെയ്യുന്നതിൻ്റെ ഇടയിലാണ് അതിഥികളിൽ ഒരാൾ ആകാശത്തേക്ക് വെടിയുതിർത്തത്. മൂന്ന് തവണ വെടിയുതിർത്തിരുന്നു. ഇതിലൊരു വെടി കൊണ്ടത് പരംജിത് സിങിൻ്റെ നെഞ്ചിലാണ്. വെടിയേറ്റ് സിങ് നിലത്തുവീണു.

ഹൃദയാഘാതം മൂലമാണ് സിങ് മരിച്ചതെന്ന് പൊലീസും ഇദ്ദേഹത്തിൻ്റെ ഭാര്യയും ആദ്യഘട്ടത്തിൽ അവകാശപ്പെട്ടിരുന്നു, എന്നാല്‍ വെടിയേറ്റതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നതോടെ ഇവരുടെ അവകാശവാദങ്ങളിൽ സംശയം ഉയർന്നു. പൊലീസ് ആ രീതിയിൽ അന്വേഷണം കൂടുതല്‍ ശക്തമാക്കും. വെടിയുതിര്‍ത്തയാള്‍ക്കെതിരെ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നാണ് വിവരം.