വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റുമാര്‍ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ (റെസല്യൂട്ട് ഡെസ്ക്) മാറ്റി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അറ്റകുറ്റപ്പണികള്‍ക്കായി മേശ താല്‍ക്കാലികമായി മാറ്റിയതാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, ടെസ്ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോണ്‍ മസ്കിന്റെ മകന് മേശയില്‍ മൂക്ക് തുടയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഈ മാറ്റമെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇലോണ്‍ മസ്കിന്റെ ഇളയ മകന് എക്സ് ആഷ് എ-12, വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ട്രംപ് കസേരയില്‍ ഇരിക്കുമ്പോള്‍ മക്സിന്റെ മകന് മേശയ്ക്ക് അരികില്‍ നില്‍ക്കുകയായിരുന്നു. അതിനിടെ കൂട്ടി മൂക്കില്‍ വിരല്‍ വയ്ക്കുന്നതും മേശയിൽ തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിനു ശേഷമാണ് മേശ മാറ്റിയതെന്നാണ് നിരീക്ഷണം.
ട്രംപ് ജെര്മോഫോബിയയുള്ള (രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നു എന്ന അമിതഭയം. ജെര്‍മോഫോബിയ ഉള്ളവര്‍ അണുക്കളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും തീവ്രമായ ഉത്കണ്ഠ ഉള്ളവരായിരിക്കും) വ്യക്തിയാണെന്നും ഇതിനാലാണ് കുട്ടി മൂക്കു തുടച്ച മേശ മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
1880-ല്‍ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റൂഥര്‍ഫോര്‍ഡ് ബി.ഹെയ്സിന് സമ്മാനിച്ചതാണ് ഈ റെസല്യൂട്ട് ഡെസ്ക്. ഓക്ക് തടികള്‍ കൊണ്ട് നിര്‍മിച്ച ഈ മേശ 1961 മുതല്‍ ജോണ്‍ എഫ്. കെന്നഡി, ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്, ബറാക് ഒബാമ, ജോ ബൈഡന് എന്നിവരുള്‍പ്പെടെയുള്ള യു.എസ്. പ്രസിഡന്റുമാര്‍ ഉപയോഗിച്ചിട്ടുണ്ട്. ആർട്ടിക് പര്യവേക്ഷണങ്ങൾക്ക് ഉപയോഗിച്ചിരുന്ന എച്ച്.എം.എസ്.
റെസല്യൂട്ട് എന്ന കപ്പലിന്റെ മരത്തടി ഉപയോഗിച്ചു പണിത മേശയായതിനാലാണ് ഇതിന് റെസല്യൂട്ട് ഡെസ്ക് എന്ന പേരു വന്നത്.



