17-കാരിയായ ദേശീയ പവർ ലിഫ്റ്റിംഗ് താരത്തിന് ജിമ്മില്‍ ദാരുണാന്ത്യം. രാജസ്ഥാനിലെ ബികാനറിലെ ജിമ്മിലാണ് യുവതാരത്തിന്റെ അന്ത്യം.
പവർലിഫ്റ്റിംഗില്‍ സ്വർണം നേടിയ യാഷ്തിക ആചാര്യയാണ് പരിശീലനത്തിനിടെ മരിച്ചത്. 270 കിലോ ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റി വെയിറ്റ് ബാർ വീണ് കഴുത്തൊടിയുകയായിരുന്നു. ഉടനെ പെണ്‍കുട്ടിയെ പിബിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ഏഴിനായിരുന്നു നടുക്കുന്ന അപകടം. ആചാര്യ ചൗക്ക് ഏരിയയിലെ ഒരു സ്വകാര്യ ജിമ്മില്‍ യാഷ്തിക പരിശീലനത്തിലായിരുന്നു. പരിശീലകന്റെ നിരീക്ഷണത്തില്‍ 270 കിലോ സ്ക്വാട്ടിന് തയാറെടുക്കുകയായിരുന്നു 17-കാരി. ബാർ തോളിലെടുത്തെങ്കിലും ഇവർക്ക് ബാലൻസ് ചെറ്റി. ഗ്രിപ്പില്‍ നിന്ന് തെന്നിയ ബാർ അവരുടെ കഴുത്തില്‍ വീഴുകയായിരുന്നു. പരിശീലകനും മറ്റുള്ളവരും ചേർന്ന് ബാർ മാറ്റി കുട്ടിക്ക് സിപിആർ നല്‍കിയെങ്കിലും അവർ ബോധരഹിതയായിരുന്നു.
രാജസ്ഥാൻ സ്റ്റേറ്റ് പവർലിഫ്റ്റിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 29-ാമത് രാജസ്ഥാൻ സ്റ്റേറ്റ് സബ്-ജൂനിയർ ആൻഡ് സീനിയർ പുരുഷ-വനിതാ എക്വിപ്പ്ഡ് ബെഞ്ച് പ്രസ് ചാമ്ബ്യൻഷിപ്പില്‍ അടുത്തിടെ സ്വർണ്ണ മെഡല്‍ നേടിയ യഷ്തിക പവർലിഫ്റ്റിംഗിലെ വളർന്നുവരുന്ന താരമായിരുന്നു. ഗോവയില്‍ നടന്ന 33-ാമത് ദേശീയ ബെഞ്ച് പ്രസ് ചാമ്ബ്യൻഷിപ്പില്‍ എക്വിപ്പ്ഡ് വിഭാഗത്തില്‍ സ്വർണ്ണവും ക്ലാസിക് വിഭാഗത്തില്‍ വെള്ളിയും നേടി ദേശീയ തലത്തില്‍ ശ്രദ്ധേ നേടിയിരുന്നു. കുടുംബം ഔദ്യോഗികമായി പരാതികള്‍ നല്‍കിയിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



