മസ്തകത്തില്‍ പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ചു; കോടനാട് അഭയാരണ്യത്തിലേക്ക് മാറ്റി

അതിരപ്പിള്ളി: മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചു. ആനയെ ചികിത്സിക്കാനുള്ള രണ്ടാംഘട്ട ശ്രമത്തിന്റെ ഭാഗമായാണ് കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയത്. അവശനിലയിലായിരുന്ന ആന മയക്കുവേടിയേറ്റതിനെ തുടര്‍ന്ന് തളര്‍ന്നു വീണു. കുങ്കിയാനെ ഉപയോഗിച്ച് ആനയെ എഴുന്നേല്‍പ്പിച്ചു. ക്രെയിനുപയോഗിച്ച് എഴുന്നേല്‍പ്പിച്ചും ആനയ്ക്ക് നിൽക്കാനായ സഹായം ചെയ്തു കൊടുത്തു.

ആനയുടെ ആരോഗ്യനില മോശമാണെന്നാണ് കരുതുന്നത്. വരുന്ന ഒരുമണിക്കൂര്‍ നിര്‍ണായകമെന്നാണ് ദൗത്യസംഘം അറിയിച്ചത്. ആനയെ എഴുനേല്‍പ്പിച്ച് ദേഹം തണുപ്പിക്കാൻ വെള്ളം ഒഴിച്ചുകൊടുത്തു. നിലവില്‍ പ്രാഥമിക ചികിത്സ നല്‍കിയാണ് അനിമൽ ആംബുലൻസിൽ കോടനാട്ടേയ്ക്ക് മാറ്റുന്നത്.

ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലായിരുന്നു ആനയെ പിടികൂടുന്ന ദൗത്യം. വെറ്റിലപ്പാറയ്ക്ക് സമീപത്തുവെച്ച് ആന പുഴയിലേക്കിറങ്ങിയിരുന്നു. ഇവിടെ നിന്ന് തുരുത്തിലേക്ക് നീങ്ങുമ്പോഴാണ് മയക്കുവെടി വെച്ചത്. ആനയുടെ ഒപ്പം മറ്റൊരു കൊമ്പനുമുണ്ടായിരുന്നു. ഏഴാമുറ്റം ഗണപതി എന്ന ഈ കൊമ്പനെ വെടിവെച്ച് ഭയപ്പെടുത്തി ഓടിച്ചതിന് പിന്നാലെയാണ് മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചത്. അവശ നിലയിലായിരുന്ന ആനയെ കുങ്കിയാന ഗണപതി താങ്ങിനിര്‍ത്തുന്ന ഹൃദയസ്പർശിയായ രംഗങ്ങളും ദൃശ്യമായിരുന്നു.

മയക്കുവെടിയേറ്റ് തളര്‍ന്നുവീണ കൊമ്പന് സമീപം കുങ്കിയാനകളെ എത്തിച്ചു. ആനയെ എഴുനേല്‍പ്പിച്ചതിന് ശേഷമാകും ലോറിയില്‍ കയറ്റി കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് മാറ്റുക. അതിനുമുമ്പ് ആനയുടെ ആരോഗ്യനില പരിശോധിക്കണം. നിലവില്‍ ആനയുടെ ആരോഗ്യത്തില്‍ ദൗത്യസംഘത്തിന് ആശങ്കയുണ്ട്. ആനയെ പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ആനക്കൂടിന്റെ നിര്‍മാണം ഇന്നലെ അഭയാരണ്യത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. ആനയെ ഇവിടേക്ക് കൊണ്ടുവരാനുള്ള വാഹനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.