പരീക്ഷക്കെത്താൻ ഗതാഗതക്കുരുക്ക് തടസമാകരുതെന്ന് കരുതി പരീക്ഷ തുടങ്ങാന്‍ 15 മിനിറ്റ് ശേഷിക്കെ പാരഗ്ലൈഡറില്‍ പറന്ന് വിദ്യാര്‍ത്ഥി.
മഹാരാഷ്ട്രയിലെ ഒരു കോളജ് വിദ്യാർത്ഥിയാണ് ഇത്തരത്തില്‍ പരീക്ഷക്ക് പാരഗ്ലൈഡറില്‍ പറന്നെത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. സമർഥ് മാങ്കഡെ എന്ന യുവാവാണ് കൃത്യസമയത്ത് പരീക്ഷയ്ക്കെത്താൻ ഗതാഗതക്കുരുക്ക് തടസമാകരുതെന്ന് കരുതി പാരാഗ്ലൈഡറില്‍ പറന്നെത്തിയത്. കോളജ് ബാഗും തൂക്കി പാരഗ്ലൈഡറില്‍ പറക്കുന്ന വിദ്യാർഥിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ചില ജോലി ആവശ്യങ്ങള്‍ക്കായാണ് പസറാനി സ്വദേശിയായ സമർഥ് എന്ന യുവാവ് പഞ്ച്ഗാനിയെന്ന സ്‌ഥലത്തെത്തിയത്. എന്നാല്‍ പരീക്ഷ ആയതിനാല്‍ മടങ്ങി കോളജിലെത്തനാമയിരുന്നു. കോളജിലേക്ക് 50 കിലോമീറ്ററോളം ദൂരമുണ്ട്. വെറും 15 മിനിറ്റ് മാത്രമാണ് സമർഥിന് മുന്നില്‍ ഉണ്ടായിരുന്നത്. ബസിനോ, ബൈക്കിനോ പോയാല്‍ കോളജിലെത്താൻ പറ്റില്ലെന്ന് മനസിലാക്കിയ സമർഥ് പരീക്ഷ മുടങ്ങരുതെന്ന് കരുതി പഞ്ചാഗ്നിയിലുള്ള അഡ്വഞ്ചർ സ്പോർട് ക്ലബിനെ ബന്ധപ്പെടുകയായിരുന്നു.
ഇതോടെ പാരാഗ്ലൈഡറില്‍ യുവാവിനെ കോളജിലെത്തിക്കാമെന്ന് അധികൃതർ ഏറ്റു. പിന്നാലെ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ച് പറക്കാൻ സമർഥ് തീരുമാനിച്ചത്. പരീക്ഷ തുടങ്ങുന്നതിന് മുൻപ് കോളജിലെത്തുകയും ചെയ്തു. അതേസമയം വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പാരാഗ്ലൈഡറില്‍ കോളജിലേക്ക് പോകുന്നത് അത്ര സുരക്ഷിതമല്ലെന്ന കമന്റുകളുമായി ചിലർ വന്നിട്ടുണ്ട്.


