തൃശൂർ: ചാലക്കുടി പോട്ടയില്‍ ബാങ്ക് കൊള്ള നടത്തിയ പ്രതിയെ പിടികൂടിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്. വിദേശത്ത് നിന്ന് ഭാര്യ അയച്ച പണം റിജോ ധൂർത്തടിച്ചുകളഞ്ഞുവെന്നാണ് വിവരം. പിന്നാലെ ഭാര്യ നാട്ടിലെത്താൻ സമയമായപ്പോള്‍ കൊള്ള ചെയ്ത് കടം വീട്ടാൻ ശ്രമിക്കുകയായിരുന്നു പ്രതി.
ഇയാളുടെ കെെയില്‍ നിന്ന് പൊലീസ് 10 ലക്ഷം രൂപ കണ്ടെടുത്തു. വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്വന്തം ബെെക്കില്‍ വ്യാജ നമ്ബർ പ്ലേറ്റ് വച്ചാണ് റിജോ മോഷണം നടത്തിയത്. മൂന്ന് ദിവസം മുൻപാണ് ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ പ്രതി കവർന്നത്. ബാങ്കില്‍ ഏഴ് ജീവനക്കാരുണ്ടായിട്ടും ബലപ്രയോഗം ഒന്നുമില്ലാതെയായിരുന്നു കവർച്ച. കൗണ്ടറിന്റെ മുകളിലെ ചില്ല് തകർത്തെങ്കിലും മോഷ്ടിക്കാനാകാത്തതിനാല്‍ കബോർഡ് തകർത്താണ് കൗണ്ടറിലെ പണം തട്ടിയെടുക്കുന്നത്. സിസിടിവി ദൃശ്യങ്ങളും ഫോണ്‍കോളുമാണ് പ്രതിയെ പിടികൂടാൻ നിർണായകമായത്.
ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയമാണ് മോഷണത്തിനായി തിരഞ്ഞെടുത്തത് എന്നത് ബാങ്കിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് പ്രതി എന്നതിലേക്ക് വിരല്‍ ചൂണ്ടി. എൻടോർക്ക് സ്കൂട്ടറിലാണ് പ്രതി എത്തിയത്. ക്യാഷ് കൗണ്ടറില്‍ 45 ലക്ഷം രൂപ ഉണ്ടായിട്ടും 15 ലക്ഷം രൂപ മാത്രമാണ് മോഷ്ടാവ് എടുത്തത്. ഇതും കേസിലെ നിർണായക സൂചനയാണെന്ന് തൃശൂർ റൂറല്‍ എസ്.പി ബി. കൃഷ്ണകുമാർ പറഞ്ഞിരുന്നു. ബാങ്കില്‍ കടന്ന പ്രതി രണ്ടര മിനിട്ടിനുള്ളില്‍ കവർച്ച നടത്തി മടങ്ങിയെന്നും പൊലീസ് പറഞ്ഞിരുന്നു.



