ഗാസയില്‍ മൂന്ന് ഇസ്രായേല്‍ ബന്ദികളെ കൂടി മോചിപ്പിച്ച്‌ ഹമാസ്; പകരമായി 369 പലസ്‌തീനികളെ വിട്ടയക്കും

ടെല്‍ അവീവ്: വെടിനിർത്തല്‍ കരാറിന്റെ ഭാഗമായുള്ള ധാരണകളുടെ ഫലമായി തുടരുന്ന ബന്ദി കൈമാറ്റത്തില്‍ നിർണായക വഴിത്തിരിവായി മൂന്ന് ഇസ്രായേലി തടവുകാരെ മോചിപ്പിച്ച്‌ ഹമാസ്.

ഇസ്രായേലിന്റെ അന്ത്യശാസനം വന്നതിന് പിന്നാലെയാണ് ശനിയാഴ്‌ച മൂന്ന് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചത്. ഹമാസും പലസ്‌തീൻ ഇസ്ലാമിക് ജിഹാദും ചേർന്ന് ഗാസയിലെ ഖാൻ യൂനിസില്‍ തടവിലാക്കിയ മൂന്ന് പേരെയാണ് വിട്ടയച്ചത്.

ഇതിന് പിന്നാലെ മൂന്ന് ഇസ്രായേലി തടവുകാരെ ഇന്റർനാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) അംഗങ്ങളുടെ സംഘത്തിന് കൈമാറിയതായി ഒരു സൈനിക പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു. ഗാസയിലെ ഇസ്രായേല്‍ സേനയുടെ അടുത്തേക്ക് ഇവർ യാത്ര തുടങ്ങിയതായും റിപ്പോർട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

മണിക്കൂറുകള്‍ പിന്നിടുമ്ബോഴേക്കും ബന്ദികളെ സ്വീകരിച്ചതായി ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. ഖാൻ യൂനിസില്‍ വിട്ടയച്ച മൂന്ന് തടവുകാരെയും സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ അകമ്ബടിയോടെ ഇസ്രായേലിലേക്ക് കൊണ്ടുപോകുകയാണെന്ന് പ്രസ്‌താവനയില്‍ പറയുന്നു. ഇവർ ഇസ്രയേലില്‍ പ്രവേശിച്ച ശേഷം പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയരാകുമെന്നും പ്രസ്‌താവന വ്യക്തമാക്കി.

അലക്‌സാണ്ടർ ട്രൂഫനോവ്, സാഗുയി ഡെക്കല്‍-ചെൻ, യെയർ ഹോണ്‍ എന്നിവരെയാണ് ഹമാസ് ഗാസയില്‍ വിട്ടയച്ചത്. ഇതിന് പകരമായി 369 പലസ്‌തീനികളെ ഇസ്രായേല്‍ സൈന്യം ഇന്ന് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബന്ദികൈമാറ്റത്തിന്റെ ആറാം ഘട്ടമാണ് നിലവില്‍ പുരോഗമിക്കുന്നത്. ഈ മൂന്ന് പേരെയും കൈമാറാൻ ശനിയാഴ്‌ച വരെയാണ് ഇസ്രായേല്‍ നല്‍കിയ സമയപരിധി.

ഇന്ന് വിട്ടയച്ച മൂന്ന് തടവുകാരും ഭേദപ്പെട്ട ശാരീരിക നിലയിലാണെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇസ്രയേലി ഉപരോധത്തിന്റെ ഫലമായി ഭക്ഷണത്തിന്റെയും മരുന്നുകളുടെയും അഭാവം മൂലം വഷളായ ആരോഗ്യസ്ഥിതിയിലായിരുന്നു കഴിഞ്ഞ ആഴ്‌ച വിട്ടയച്ച തടവുകാരുടെ സംഘം. ഇതിനെതിരെ ഇസ്രായേല്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

ചർച്ചകളിലൂടെയും വെടിനിർത്തല്‍ കരാറിന്റെ ആവശ്യകതകള്‍ പാലിച്ചും അല്ലാതെ ബന്ദികളെ മോചിപ്പിക്കാൻ ഒരു മാർഗവുമില്ലെന്നാണ് ഹമാസ് ഇന്ന് നിലപാട് അറിയിച്ചത്. ലോകത്തോട് മുഴുവനും ഞങ്ങള്‍ പറയുന്നു, ജറുസലേമിലേക്കല്ലാതെ ഒരു കുടിയേറ്റവുമില്ല. ഇത് ട്രംപും കൊളോണിയലിസത്തിന്റെയും അധിനിവേശത്തിന്റെയും ശക്തികള്‍ പിന്തുണയ്ക്കുന്നവരുടെയും ആശയങ്ങള്‍ക്കുള്ള തങ്ങളുടെ മറുപടിയാണെന്നും ഹമാസ് വ്യക്തമാക്കി.