മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസി. ദളിതയായതിനാൽ താൻ അഭിനയിച്ച സിനിമ പോലും കാണാനാവാതെ നാട് വിട്ടോടേണ്ടി വന്നു. ആ തീയേറ്റർ വരെ കത്തിച്ച കലാസാംസ്ക്കാരിക പാരമ്പര്യമാണ് നമ്മുടേത്.
തിരുവനന്തപുരം, നന്തൻകോട് , ആമത്തറ വയലിനു സമീപം ( ഇപ്പോൾ കനകനഗർ ) 1903 ഫെബ്രുവരി10 നാണ് രാജമ്മയുടെ ജനനം .
അക്കാലത്ത് നന്തൻകോട് ആമത്തറ ഭാഗത്തെ ദലിതർ സംഘടിച്ച് ചേരമർ കലാസംഘം എന്നൊരു പ്രസ്ഥാനം രൂപീകരിച്ച് കാക്കാരശ്ശി നാടകങ്ങൾ അവതരിപ്പിച്ചിരുന്നു . രാജമ്മ വളർന്നപ്പോൾ ഈ സമിതിയിലെ നടിയായി ചേർന്നു. “കാക്കാരശി” നാടകത്തിൽ കാക്കാത്തിയുടെ വേഷം കെട്ടുന്ന ആദ്യത്തെ സ്ത്രീയായി രാജമ്മ. അതുവരെ കാക്കാത്തിയുടെ വേഷം കെട്ടിയിരുന്നത് പുരുഷന്മാരായിരുന്നു. ഇവിടെ നിന്നാണ് രാജമ്മ “വിഗതകുമാരൻ” എന്ന ആദ്യ മലയാള സിനിമയിലെ നായികയായെത്തുന്നത് ഉപജീവനത്തിനായി പുല്ല് ചെത്തി കെട്ടുകളാക്കി വിൽക്കുന്ന ജോലിയായിരുന്നു രാജമ്മക്ക്.
അക്കാലത്താണ് ( 1927-28 ) വിഗതകുമാരനിൽ അഭിനയിക്കാൻ പറ്റിയ ഒരു നായികയെ ജെ. സി. ഡാനിയൽ അന്വേഷിക്കുന്നത് . അങ്ങനെ ട്രാവൻകൂർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച വിഗതകുമാരനിൽ രാജമ്മ നായികയായി. രാജമ്മയെ റോസിയായി ഡാനിയൽ പുനർനാമകരണം ചെയ്യുകയും ചെയ്തു.
മൊത്തം 10 ദിവസത്തെ അഭിനയമായിരുന്നു റോസിക്ക് ഉണ്ടായിരുന്നത്. ദിവസം 5 രൂപ നിരക്കിൽ 10 ദിവസത്തെ അഭിനയത്തിന് 50 രൂപ കൂലി. ചിത്രം 1928 നവംബർ 7 ന് തിരുവനന്തപുരം ക്യാപ്പിറ്റോൾ ടെൻറ് തിയേറ്ററിൽ പ്രഥമ പ്രദർശനം നടത്തി .
1930 നവംബർ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോൾ തിയറ്ററിലായിരുന്നു നിശ്ശബ്ദസിനിമയായ വിഗതകുമാരൻ റിലീസ് ചെയ്തത്. സവർണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു ഫലിപ്പിച്ചതുകൊണ്ടു് തിയറ്ററിൽ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി.
അന്നത്തെ പ്രഗത്ഭ വക്കീലായിരുന്ന മുള്ളൂർ. എസ്. ഗോവിന്ദപ്പിള്ളയാണ് പ്രദർശനം ഉത്ഘാടനം ചെയ്തത് . ദലിതയായ റോസി പ്രദർശനം കാണാൻ വന്നാൽ പ്രശ്നങ്ങളുണ്ടാകുമെന്ന് ഭയന്ന ഡാനിയൽ റോസിയെ ചിത്രം കാണാൻ ക്ഷണിച്ചിരുന്നില്ല . സിനിമ കാണാൻ റോസി എത്തിയുമില്ല. എന്നിട്ടും സിനിമയിൽ റോസിയുടെ കഥാപാത്രം വന്നതോടെ കാണികൾ അക്രമാസക്തരായി. ശക്തമായ കല്ലേറുമൂലം സ്ക്രീൻ കീറിപ്പറിഞ്ഞതോടെ വിഗതകുമാരന്റെ പ്രഥമ പ്രദർശനവും അവസാനിച്ചു . അതി സമ്പന്നനായിരുന്ന ഡാനിയൽ തെങ്ങിൻ പുരയിടങ്ങൾ വിറ്റാണ് സിനിമാ പിടിക്കാൻ ഇറങ്ങിയത്.
അവിടുന്നങ്ങോട്ട് റോസിയുടെ ജീവിതവും മാറി മറിഞ്ഞു . 1928 നവംബർ 10 ന് സംഘടിച്ചുവന്ന സവർണ റൗഡിക്കൂട്ടം റോസിയുടെ കുടിലിന് തീയിട്ടു . റോസിക്കും കുടുംബത്തിനും ഓടി രക്ഷപ്പെടേണ്ടി വന്നു . റോഡിലൂടെ വന്ന വാഹനത്തിന്റെ മുമ്പിലേക്ക് രക്ഷിക്കണേ എന്ന് അലറിക്കരഞ്ഞുകൊണ്ട് റോസി ഓടിക്കയറി. ലോറി ഡ്രൈവറായിരുന്ന നാഗർകോവിൽ സ്വദേശി കേശവപിള്ള റോസിയെ വാഹനത്തിൽ കയറ്റി രക്ഷപ്പെടുത്തി സ്വദേശത്തേക്ക് കൊണ്ടുപോയി. പിന്നീട് കേശവപിള്ള തന്നെ റോസിയെ വിവാഹം കഴിക്കുകയും ചെയ്തു.
എന്നാൽ ദലിതയെ വിവാഹം കഴിച്ചതിനാൽ കേശവപിള്ളയേയും റോസിയേയും വീട്ടുകാർ പുറത്താക്കി. തുടർന്ന് വടപളനിയിലെ ഓട്ടുപുരത്തെരുവിൽ വാടകവീടെടുത്ത് അവർ ജീവിതമാരംഭിച്ചു. റോസി രാജാമ്മാളായി പുനർജനിച്ചു .
1987 ൽ വടപളനിയിലെ ഓട്ടുപുരത്തെരുവിലെ വാടക വീട്ടിൽ വച്ച് 84-ാമത്തെ വയസിൽ മരിച്ചു.