വാഷിങ്ടണ്‍: ശനിയാഴ്ച്ച ഉച്ചക്ക് 12നു മുമ്പ് ജൂത തടവുകാരെ ഹമാസ് വിട്ടയിച്ചില്ലെങ്കില്‍ ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും നരകം പൊട്ടിപ്പുറപ്പെടുമെന്നും ഭീഷണിമുഴക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ ലംഘിക്കുന്നതിനാല്‍ തടവുകാരെ വിട്ടയക്കുന്നത് മരവിപ്പിച്ചെന്ന ഹമാസിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. വിഷയത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ മറികടക്കാന്‍ ശ്രമിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു. ഗസയിലെ തടവുകാരെ ഘട്ടങ്ങളായി വിട്ടയക്കുന്നതിന് പകരം മൊത്തമായി വിട്ടയക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ജനുവരി 19ന് പ്രാബല്യത്തില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ കൃത്യമായി പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ശനിയാഴ്ച മോചിപ്പിക്കാനിരുന്ന ബന്ദികളെ ഉടന്‍ കൈമാറില്ലെന്നാണ് ഹമാസ് അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് പശ്ചിമേഷ്യയെ കൂടുതല്‍ ആശങ്കയിലാക്കിക്കൊണ്ടുള്ള ഹമാസിന്റെ നീക്കം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മോചനമുണ്ടാകില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഇതോടെയാണ് മധ്യപൂര്‍വദേശ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് വീണ്ടും ഇടപെട്ടത്.
ശനിയാഴ്ച വരെ സമയപരിധി നല്‍കുന്നുവെന്നും അതിനുള്ളില്‍ ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പിന്നെ ഹമാസിനെ കാത്തിരിക്കുന്നത് നരകമാണെന്നും ട്രംപ് ഭീഷണി ഉയര്‍ത്തി. ബന്ദി മോചനത്തിന് ഹമാസ് തയ്യാറായില്ലെങ്കില്‍ വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഗസയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്ന ഫലസ്തീനികളെ സ്വീകരിച്ചില്ലെങ്കില്‍ ജോര്‍ദാനും ഈജിപ്തിനുമുള്ള സൈനിക-സാമ്ബത്തിക സഹായം തടഞ്ഞേക്കാമെന്നും ട്രംപ് പറഞ്ഞു. ഗസ മുനമ്ബ് യുഎസ് ഏറ്റെടുത്താല്‍ പിന്നെ ഫലസ്തീനികള്‍ക്ക് അവകാശമുണ്ടാവില്ല. കുടിയിറക്കപ്പെട്ട ഫലസ്തീനികളെ കൊണ്ടുപോകാന്‍ ജോര്‍ദാനുമായും ഈജിപ്തുമായും കരാറില്‍ ഏര്‍പ്പെടാന്‍ കഴിയും. ഈ രണ്ടു രാജ്യങ്ങള്‍ക്കും പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഇന്ന് ജോര്‍ദാനിലെ അബ്ദുല്ല രാജാവ് വാഷിങ്ടണില്‍ ട്രംപിനെ കാണുന്നുണ്ട്.



