മിഹിര്‍ ജീവനൊടുക്കിയതില്‍ ദുരൂഹതയെന്ന് പിതാവ്; അപ്പാര്‍ട്മെന്‍റില്‍ എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല

തൃപ്പൂണിത്തുറ: തിരുവാണിയൂർ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിയായ മിഹിർ അഹമ്മദിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി പിതാവ് തിരൂർ സ്വദേശി ഷെഫീഖ് മാടമ്ബാട്ട് രംഗത്ത്.

ഖത്തറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഹില്‍പാലസ് പൊലീസില്‍ ജനുവരി 21ന് നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.

ജനുവരി 15ന് വൈകീട്ട് മൂന്നിന് സന്തോഷവാനായി സ്‌കൂളില്‍നിന്ന് അപ്പാർട്മെന്‍റില്‍ എത്തിയ മിഹിർ ഏകദേശം അര മണിക്കൂർ കഴിഞ്ഞ് ഒരു പ്രകോപനവുമില്ലാതെ ജീവൻ അവസാനിപ്പിച്ചു എന്നു പറയുന്നത് സംശയത്തിനിടയാക്കുന്നു.

സഹപാഠികളുമായി കശപിശ ഉണ്ടായി എന്നും അത് ചോദ്യം ചെയ്‌ത മനോവിഷമത്തില്‍ ജീവനൊടുക്കിയെന്നും വിശ്വസിക്കാൻ പ്രയാസമാണ്. മിഹിർ സന്തോഷവാനും മാനസികമായി കരുത്തുള്ളവനുമായിരുന്നു. സ്കൂ‌ളില്‍നിന്ന് എത്തിയതിനു ശേഷവും മരിക്കുന്നതിനും ഇടയില്‍ എന്താണ് അവിടെ സംഭവിച്ചതെന്നും ഈ സമയം ആരെല്ലാം അപ്പാർട്മെന്‍റില്‍ ഉണ്ടായിരുന്നുവെന്നതും വ്യക്തമല്ല.

ഇത് വിശദമായി അന്വേഷിച്ച്‌ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ഫോണിലൂടെയും കമ്ബ്യൂട്ടർ ചാറ്റിങ്ങിലൂടെയും താനുമായി സ്ഥിരമായി ആശയവിനിമയം നടത്താറുള്ള മകന് ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി ഒരിക്കലും പറഞ്ഞിരുന്നില്ല. മിഹിറിന് അപകടം സംഭവിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറയിലെത്തിയ തന്നോട് മകൻ ചോയ്സ് പാരഡൈസ് കെട്ടിടത്തിന്റെ 26-ാം നിലയില്‍ നിന്ന് വൈകീട്ട് 3.30 ഓടെ താഴേക്ക് ചാടി ജീവൻ അവസാനിപ്പിച്ചതായി അറിയിച്ചതായും നിയമ നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം കല്പറ്റ മുട്ടില്‍ ജുമാ മസ്‌ജിദില്‍ ഖബറടക്കം നടത്തിയതായും പരാതിയില്‍ പറയുന്നു.

അപകട വിവരമറിഞ്ഞേപ്പോള്‍ തന്നെ ഷഫീഖ് തൃപ്പൂണിത്തുറയിലേക്ക് തിരിക്കുകയായിരുന്നു. തുടർന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലും പോയി. അവിടെ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം ഷഫീഖിന്‍റെ നേതൃത്വത്തിലാണ് മിഹിറിന്‍റെ മൃതദേഹം ഏറ്റുവാങ്ങിയതും കല്‍പ്പറ്റയില്‍ എത്തിച്ച്‌ ഖബറടക്കം നടത്തിയതും തുടർ നടപടികളെല്ലാം പൂർത്തിയാക്കിയതും. തുടർന്ന് മൂന്ന് ദിവസത്തോളം അവിടെ തങ്ങിയ ശേഷമാണ് ഷഫീഖ് മടങ്ങിയത്. മാതാവ് റജ്‌നക്കും രണ്ടാനച്ഛൻ സലീമിനും ഒപ്പം തൃപ്പൂണിത്തുറയിലെ ചോയ്സ് പാരൈഡസ് എന്ന അപ്പാർട്മെൻറിലാണ് മിഹിർ താമസിച്ചിരുന്നത്.