തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്ബൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
രണ്ടരമണിക്കൂറോളം നീണ്ടു നിന്ന ബജറ്റില്‍ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഉള്‍പ്പെട്ടത്. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണുള്ളത്. ക്ഷേമ പെൻഷനില്‍ വർധനയില്ല.
ജനങ്ങള്‍ക്ക് കടുത്ത പ്രഹരം ഏല്‍പ്പിച്ച് ഭൂനികുതി കുത്തനെ കൂട്ടി. ഭൂനികുതി സ്ലാബുകള്‍ അമ്പതുശതമാനം വർദ്ധിപ്പിച്ചതായി ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എൻ ബാലഗോപാല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇതിലൂടെ നൂറുകാേടിയുടെ അധിക വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോടതി ഫീസിലും കാര്യമായ വർദ്ധനയുണ്ട്. ഇതിലൂടെ 150 കോടിയുടെ അധിക വരുമാനമാണ് ലക്ഷ്യം വയ്ക്കുന്നത്.
സർക്കാർ ഭൂമിയുടെ പാട്ടനിരക്കും കൂട്ടിയിട്ടുണ്ട്. ന്യായവിലയ്ക്ക് അനുസരിച്ച് പാട്ടനിരക്കില്‍ വ്യത്യാസം വരും. പാട്ടത്തുക കുടിശിക തീർപ്പാക്കാൻ ഒറ്റത്തവണ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇലക്‌ട്രിക് കാറുകളുടെ നികുതിയും കൂട്ടി. ഇതിലൂടെ മുപ്പതുകോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുന്നതിന് കേന്ദ്ര ബഡ്‌ജറ്റില്‍ വാരിക്കോരി ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴാണ് സംസ്ഥാനം ഇലക്‌ട്രിക് കാറുകളുടെ നികുതി കൂട്ടിയത്. കോണ്‍ട്രാക്‌ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്കരിക്കും എന്നും ബഡ്ജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ക്ഷേമപെൻഷനുകള്‍ കൂട്ടുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. സാമൂഹ്യക്ഷേമപെൻഷനുകളുടെ മൂന്നുമാസത്തെ കുടിശിക കൊടുത്തുതീർക്കും എന്ന് പ്രഖ്യാപനമുണ്ട്. ക്ഷേമ പെൻഷൻ 200 രൂപയെങ്കിലും വർദ്ധിപ്പിക്കുമെന്ന തരത്തിലുളള സൂചനകള്‍ ധനമന്ത്രിയും നല്‍കിയിരുന്നു. പക്ഷേ, പ്രഖ്യാപനം ഉണ്ടായില്ല. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്ബളത്തില്‍ നല്‍കും.
നിലവില്‍ 1600 രൂപയാണ് ക്ഷേമ പെൻഷൻ. കുടിശ്ശിക മൂന്നെണ്ണം സമയബന്ധിതമായി കൊടുത്തു തീർക്കും. മെഡിസെപ് പദ്ധതി തുടരുന്നതിന് ജീവനക്കാരുമായി ചർച്ച നടത്തും. വയനാട് പുനരധിവാസത്തിന് 750 കോടിയും അനുവദിച്ചു. കാലപ്പഴക്കംചെന്ന സർക്കാർ വാഹനങ്ങള്‍ മാറ്റിവാങ്ങാൻ 100 കോടി വകയിരുത്തി.
അതിനിടെ ബഡ്‌ജറ്റ് വെറും പൊള്ളയായത് എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വലിയ കടബാദ്ധ്യതകള്‍ തീർക്കാനുള്ള നീക്കിയിരിപ്പുപോലും ബഡ്‌ജറ്റില്‍ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.