
ഷാജി ഗ്രീൻവാലി
ഏ.ജി ബിലീവേഴ്സ് കൗൺസിൽ സെക്രട്ടറി
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിൻ്റെ ഒരു വലിയ ഉൽസവമാണ് ജനുവരി അവസാനം നടക്കുന്ന ജനറൽ കൺവൻഷൻ. ഈ ജനറൽ കൺവൻഷനിൽ എടുത്ത് പറയാൻ സാധിക്കുന്നത് പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമയുടെ (IPC) പ്രസംഗം മാത്രമാണ് . തന്നിൽ നിന്ന് കേട്ട വചനം അനുഗൃഹീതമായ നിമിഷങ്ങൾ ആണ് സമ്മാനിച്ചത്. രണ്ടു ദിവസവും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ധാരാളം ജനം ആ പന്തലിൽ തടിച്ചു കൂടിയിരുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിൽ ഇതുപോലെ ഒരു പ്രസംഗകനെ വളർത്തിയില്ലായെന്ന് ഓർക്കുമ്പോൾ ലജ്ജിക്കേണ്ടി വരുന്നു.
ആദ്യ ദിവസങ്ങളിൽ പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ വലിയ ജനാവലി ഇല്ലായിരുന്നു. അവസാന ദിവസങ്ങളിൽ വലിയ ജനക്കൂട്ടം വരുകയും ചെയ്തു. അവസാന ദിവസമായ ഞായറാഴ്ച അവിടെ നിൽക്കുവാൻ പോലും കഴിയാത്ത വിധത്തിൽ ആളുണ്ടായിരുന്നു. എം.സി റോഡും അപൂർണ്ണമായി നിശ്ചലമായി.
വളരെ ഖേദപൂർവ്വം പറയട്ടെ ഈ ജനറൽ കൺവൻഷൻ്റെ ശോഭ കളത്തത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഗ്രൗണ്ടിൽ വിളമ്പിയ ഭക്ഷണം ആയിരുന്നു. ഭക്ഷണം വില്ലൻ ആയി മാറുകയായിരുന്നു. അതിന് കാരണം ഗ്രൗണ്ടിലെ കിണറ്റിലെ വെള്ളം ആയിരുന്നു. ഈ കിണറ്റിലെ വെള്ളം വില്ലൻ ആകാൻ കാരണം ഈ കിണറിനോട് ചേർന്ന് പണിത ആ ഗ്രൗണ്ടിലെ ടോയ്ലറ്റ് സെപ്റ്റിക് ടാങ്ക് ആയിരുന്നു.
ഖേദപൂർവ്വം പറയട്ടെ ഈ സെപ്റ്റിക് ടാങ്ക് നിർമ്മിച്ച കോൺട്രാക്ടറും ഇതിന് അനുമതി നൽകിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും ആണ് ഇതിൻ്റെ കുറ്റക്കാർ. ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയെ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് പാസ്റ്റേഴ്സും, വിശ്വാസികളും പടിയടച്ച് പിണ്ഡം വെയ്ക്കേണ്ട കാലം അസ്തമിച്ചിരിക്കുന്നു. ഇനിയെങ്കിലും നിങ്ങളുടെ കണ്ണുകൾ തുറക്കാൻ സർവ്വശക്തനായ ദൈവം സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
അനേകം കുഞ്ഞുങ്ങളും, മാതാപിതാക്കളും ആശുപത്രിയിൽ അഭയം പ്രാപിച്ചു മരണത്തോടെ മല്ലടിച്ചത് നാം കാണാതെ പോകരുത്. അവർ ആരും മരണം പുൽകാഞ്ഞത് സർവ്വശക്തനായ ദൈവം നമ്മോട് കാണിച്ച കരുണ ഒന്ന് മാത്രം ആണ്. സി.എ സ്റ്റാളിൽ കച്ചവടം നടത്തിയ സോഡാ നാരങ്ങായും മറ്റും ഈ കിണറ്റിലെ മലിന ജലം കൊണ്ടാണ് തയ്യാറാക്കി കുടിക്കാൻ നൽകിയിരുന്നത്.
വെള്ളിയാഴ്ച വൈകിട്ട് കൺവൻഷൻ ഗ്രൗണ്ടിൽ ടോയ്ലറ്റിനു സമീപം ഭക്ഷണം പാചകം ചെയ്യുന്നതു കണ്ടു. നമ്മൾ സ്വയം വിലയിരുത്തണം നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നമ്മൾ ഇങ്ങനെ ആണോ ഭക്ഷണം പാചകം ചെയ്യുന്നത്. ആശുപത്രിയിൽ അഭയം പ്രാപിച്ചവർക്ക് നഷ്ടപരിഹാരം ഈ എക്സിക്യൂട്ടീവ് കമ്മിറ്റി കൊടുക്കണം. കാരണം ഈ ഭക്ഷണം നേതാക്കൻമാർ ആയ നിങ്ങൾ കഴിച്ചിട്ടില്ല. നിങ്ങൾ കഴിച്ചത് ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും മനോഹരമായ സ്വാദുള്ള വിലയേറിയ ഭക്ഷണമാണ്.
ബിലീവേഴ്സ് കൗൺസിൽ ഞായറാഴ്ച ഒരു ഫ്രൂട്ടി ജ്യൂസ് കൊടുക്കണം എന്ന് തീരുമാനിച്ചു നമ്മൾ ഓർഡർ കൊടുത്തു. വെള്ളിയാഴ്ച രാത്രി ഏകദേശം പത്തുമണിക്ക് വിളിച്ചു പറയുന്നു ഫ്രൂട്ടി ബ്രാൻഡ് സ്റ്റോക്ക് ഇല്ലെന്നും വേണമെങ്കിൽ അതിലും വിലകുറഞ്ഞ എസ്സൻസ് ജ്യൂസ് തരാമെന്നുംഅവർ അറിയിച്ചു. അത് കുടിച്ചാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതി ബിലീവേഴ്സ് കൗൺസിലിൽ കടക്കാരുടെ ആ നിർദ്ദേശം ഞങ്ങൾ നിരാകരിച്ചു. അങ്ങനെ ജ്യൂസ് ഒഴിവാക്കി. എന്നാൽ കൺവൻഷൻ ഗ്രൗണ്ടിൽ പന്തലിനു സമീപം വേറൊരു വ്യക്തി ഈ വില കുറഞ്ഞ ജ്യൂസ് വിതരണം ചെയ്യുന്നുണ്ടായിരുന്നു . ഈ വിതരണവുമായി ബിലീവേഴ്സ് കൗൺസിലിന് യാതൊരു ബന്ധവുമില്ലായെന്ന് അടിവരയിട്ട് പറഞ്ഞുകൊള്ളട്ടെ.



