ദൈവാധിപത്യത്തിന് സഭകൾ വിധേയപ്പെടുമ്പോൾ നമ്മുടെ ജീവിതം മാതൃകാ പൂർണ്ണമാകും : റവ. സണ്ണി താഴാംപള്ളം

ദൈവാധിപത്യത്തിൽ സഭകൾ എത്തിച്ചേരണമെന്നും ഉപ്പിൻ്റെ കാരം നഷ്ടപ്പെട്ട

ഒന്നിനും കൊള്ളാത്ത അവസ്ഥയിൽ നിന്നും വിശ്വാസികൾ മടങ്ങിവരണമെന്നും റവ. സണ്ണി താഴാംപള്ളം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. തിരുവല്ലയിൽ നടന്നു വരുന്ന ഇന്ത്യാ ദൈവസഭയുടെ ജനറൽ കൺവൻഷനിൽ വെള്ളിയാഴ്ച വൈകിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർത്താവിൻ്റെ ഗിരിപ്രഭാഷണത്തെ വിശ്വാസിയുടെ ഭരണഘടനയായി കരുതാം. ഗിരി പ്രഭാഷണത്തെ പ്രസംഗിക്കുന്നവർ അതിനനുസരിച്ച് ജീവിക്കാൻ തയ്യാറാകണം. സമൂഹത്തിന് രുചി വരുത്തുന്ന ഉപ്പായി വിശ്വാസികളും പാസ്റ്റർമാരും മാറണം. ജീവിതത്തിൽ ലവലേശം പോലും ഉപ്പില്ലാത്ത വിശ്വാസികൾ ഉണ്ട്. സഭകളിലും പാസ്റ്റർമാരിലും കാരം നഷ്ടപ്പെട്ട ഉപ്പിൻ്റെ അവസ്ഥ ഉണ്ടെങ്കിൽ മടങ്ങിവരേണ്ടതാണ്.

ഉപ്പിൻ്റെ കാരം നഷ്ടപ്പെട്ട കുടുംബം തലമുറകളുടെ മാതൃകാ ജീവിതത്തെ ഹനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മക്കളുടെ ജീവിതം നഷ്ടപ്പെടുന്നതിൻ്റെ പ്രധാനപ്പെട്ട ഒരു കാരണം മാതാപിതാക്കളുടെ കാരമില്ലാത്ത ഉപ്പിന് സമാനമായ ജീവിതമാണ്. എല്ലാ മാതാപിതാക്കളും പരാജയപ്പെടുന്നത് മക്കളുടെ മുമ്പിലാണ്. മക്കളുടെ ജീവിതം സംശുദ്ധമാകാൻ മാതാപിതാക്കളുടെ ജീവിതം ഉപ്പിനെപ്പോലെ രുചികരമാകണം. എന്നാൽ സമൂഹത്തിന് രുചി പ്രദാനം ചെയ്യുന്ന കുഞ്ഞുങ്ങളെ വാർത്തെടുക്കുന്ന മാതാപിതാക്കളും നമ്മുടെ സമൂഹത്തിലുണ്ട്.

ഇന്ന് വ്യക്തികളിലും കുടുംബങ്ങളിലും രുചികരമല്ലാത്ത ജീവിതശൈലി കാന്നുന്നതുപോലെ സഭകളിലും ഇത് കാണാൻ കഴിയുന്നതാണ്. പ്രാദേശിക സഭകളിൽ കാന്നുന്നതു പോലെയുള്ള രുചികരമല്ലാത്ത പ്രവണതകൾ സഭകളുടെ ആസ്ഥാന ഇടങ്ങളിലും ഉണ്ട്.

ഗിരിപ്രഭാഷണത്തിലെ സ്നേഹത്തിൻ്റെ സന്ദേശങ്ങൾ ഉൾക്കൊള്ളാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. ശത്രുവിനെ സ്നേഹിക്കാനും ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാനും വിശ്വാസികൾ തയ്യാറായാൽ നമ്മുടെ ജീവിതം ഉപ്പിനെപ്പോലെ മറ്റുള്ളവർക്ക് രുചികരമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും