വിദേശ സഹായങ്ങള്‍ 90 ദിവസത്തേക്ക് നിര്‍ത്തിവച്ച്‌ യുഎസ്, ഇസ്രായേലിനെയും ഈജിപ്തിനെയും ഒഴിവാക്കി

ന്യൂയോർക്ക്: വിദേശരാജ്യങ്ങള്‍ക്ക് നല്‍കുന്ന വികസന സഹായങ്ങള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

പുതിയതും നിലവിലുള്ളതുമായ കരാറുകള്‍ക്ക് പുതിയ ഉത്തരവ് ബാധകമാകുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മെമ്മോയില്‍ വ്യക്തമാക്കുന്നതായി അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനും ഈജിപ്തിനുമുള്ള സൈനിക ധനസഹായം പുതിയ ഉത്തരവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് വിദേശ വികസന സഹായം താല്‍ക്കാലികമായി നിർത്തിവച്ചുള്ള ഉത്തരവില്‍ ഒപ്പിട്ടത്. തന്റെ വിദേശനയ ലക്ഷ്യങ്ങളുമായി വിദേശ സഹായം പൊരുത്തപ്പെടുന്നുണ്ടോയെന്നും യുഎസ് നല്‍കുന്ന ധനസഹായം കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടോയെന്നും ഉറപ്പാക്കാൻ പുനഃപരിശോധന നടത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിദേശരാജ്യങ്ങളില്‍ യുഎസ് ധനസഹായത്തോടെ നടത്തുന്ന എല്ലാ പ്രവർത്തനങ്ങള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്. ഇസ്രായേലിനും ഈജിപ്തിനും നല്‍കുന്ന സൈനിക സഹായത്തിനും സൈനിക പ്രവർത്തനത്തിന് ആവശ്യമായ ഭരണപരമായ ചെലവുകള്‍ക്കും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. അടിയന്തര ഭക്ഷ്യസഹായവും അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ എല്ലാ വിദേശ സഹായപദ്ധതിയകളും യുഎസ് ഭരണകൂടം അവലോകനം ചെയ്യുകയും ആവശ്യമുള്ളവയ്ക്ക് മാത്രം ഇളവുകള്‍ അനുവദിക്കുകയും ചെയ്യും.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും