‘കോളേജ് കാലം മുതൽ കേട്ട പേര്; അന്നു മുതൽ കാണാൻ ആഗ്രഹിച്ച വ്യക്തി..’ വി.എസിനെ സന്ദർശിച്ച് കേരള ​ഗവർണർ

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

തിരുവനന്തപുരത്ത് വി.എസിന്റെ വസതിയിലെത്തിയായിരുന്നു സന്ദർശനം. തന്റെ കോളേജ് പഠനകാലം മുതൽ വി.എസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ​ഗവർണർ സന്ദർശനശേഷം മാധ്യമങ്ങളോട് പറഞ്ഞു.​

‘ഗവർണറായി എത്തിയപ്പോൾ അദ്ദേഹത്തെ നിർബന്ധമായും കാണണമെന്ന് ആ​ഗ്രഹിച്ചിരുന്നു. ഭാ​ഗ്യവശാൽ അദ്ദേഹത്തേയും കുടുംബത്തേയും കാണാനും സംസാരിക്കാനും സാധിച്ചു. അനാരോ​ഗ്യംകൊണ്ട് വി.എസിന് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹവുമായി ആശയവിനിമയം നടത്താനായി. അദ്ദേഹം ആരോ​ഗ്യവാനായിരിക്കാൻ ഞാൻ പ്രാർഥിക്കുന്നു’, ആർലേക്കർ കൂട്ടിച്ചേർത്തു.

യു.ജി.സി ബില്ലിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ഗവർണർ നിലപാട് വ്യക്തമാക്കി. കരട് നയമാണ് ഇപ്പോൾ പുറത്തുവന്നതെന്ന് പറഞ്ഞ അദ്ദേഹം, ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ചർച്ചകൾക്കുള്ള ഇടമുണ്ടെന്നും വ്യക്തമാക്കി.

കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ​ഗവർണറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം മുഖപത്രത്തിലെ ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ, ആർലേക്കറെ പ്രശംസിക്കുകയും ചെയ്തിരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യംവയ്ക്കുന്ന നവകേരള നിർമാണത്തിൽ ഊന്നൽ നൽകിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നടത്തിയതെന്നും കേന്ദ്ര സർക്കാരിനെതിരെ വിമർശനമുണ്ടെങ്കിലും അതിന്റെ പേരിൽ ഭരണഘടനാ ചുമതല നിർവഹിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ഗവർണർ തയ്യാറായില്ലെന്നത് സ്വാഗതാർഹമാണെന്നുമായിരുന്നു ഗോവിന്ദൻെറ പരാമർശം.

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്നും വ്യത്യസ്തമായി സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവനായി വായിക്കാൻ പുതിയ ഗവർണർ തയ്യാറായെന്നും തുടർന്നുള്ള ദിവസങ്ങളിലും ഗവർണറുടെ ഭാഗത്തുനിന്നും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ​ഗോവിന്ദൻ ലേഖനത്തിൽ പറയുന്നുണ്ട്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും