ടെല്‍ അവീവ്: പതിനഞ്ചുമാസമായി ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് താത്കാലിക വിരാമമിട്ടുള്ള വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ ഉന്നതതല സുരക്ഷാസമിതി അംഗീകാരം നല്‍കി.
33 അംഗ സമ്ബൂർണ്ണ മന്ത്രിസഭകൂടി കരാറിന് അംഗീകാരം നല്‍കേണ്ടതുണ്ട്. ഇതില്‍ ഭൂരിപക്ഷം അംഗങ്ങളും കരാറിനെ അനുകൂലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹമാസ് കരാർ ലംഘിച്ചാല്‍ ഇസ്രയേല്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്നും അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും അതില്‍ തനിക്ക് ഉറപ്പുലഭിച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ കാബിനറ്റിനോട് പറഞ്ഞു.
കരാർ പ്രാബല്യത്തില്‍ വന്നാല്‍ ബന്ദികളെ ഞായറാഴ്ച പുലർച്ചെ മുതല്‍ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു വ്യക്തമാക്കി. ബന്ദികളെ സ്വീകരിക്കാനും അവർക്കുവേണ്ട ചികിത്സാ സൗകര്യങ്ങളടക്കം ഇസ്രയേല്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
ദീർഘകാലത്തേക്ക്, ബന്ദികള്‍ക്ക് ആരോഗ്യകരവും മാനസികവും സാമൂഹികവുമായ പരിചരണം ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ചുരുങ്ങിയത് നാലു ദിവസമെങ്കിലും ഇവരെ ആശുപത്രിയില്‍ താമസിപ്പിക്കുന്നതിനുള്ള നിർദേശവും നല്‍കിയതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ വെടിനിർത്തല്‍ക്കരാറിന്റെ കാര്യത്തില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായെന്ന അറിയിപ്പു വന്നതിനുശേഷം ഗാസയില്‍ 80 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.
യു.എസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ മാസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് വെടിനിർത്തല്‍ സാധ്യമാകുന്നത്. വെടിനിർത്തല്‍ ചർച്ചകളിലെ പ്രധാനമധ്യസ്ഥരാണ് ഖത്തർ.




