വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാനിരിക്കെ രാജ്യത്ത് വരാന്‍പോകുന്നത് ‘അപകടകരമായ അധികാരകേന്ദ്രീകരണ’മാണെന്ന് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ അതിസമ്പന്നരായ ഏതാനും ആളുകളുടെ കൈകളിലേയ്ക്ക് അപകടകരമായ വിധത്തിൽ അധികാരം കേന്ദ്രീകരിക്കുകയാണെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. അവരുടെ അധികാരദുര്‍വിനിയോഗം നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ബൈഡന്‍ പറഞ്ഞു. ‘അമേരിക്കയില്‍ അതിരുകടന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിലുള്ള ഒരു പ്രഭുവര്‍ഗം രൂപപ്പെടുകയാണ്. നമ്മുടെ ജനാധിപത്യത്തിനും അടിസ്ഥാന അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും അക്ഷരാര്‍ത്ഥത്തില്‍ ഭീഷണി ഉയർത്തുന്നതാണത്’, ബൈഡൻ വ്യക്തമാക്കി.
അതിസമ്പന്നരുടെ ‘പ്രഭുവര്‍ഗം’ രാജ്യത്ത് വേരുറപ്പിക്കുകയാണെന്നും അമേരിക്കക്കാരുടെ അവകാശങ്ങളെയും ജനാധിപത്യത്തിന്റെ ഭാവിയെയും അപകടത്തിലാക്കുന്ന ‘ടെക്-ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ്’ ആണ് അതെന്നും ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റിന്റെ ഓഫീസ് ആയ ഓവല്‍ ഓഫീസില്‍ സംസാരിക്കവെയാണ് ചുരുക്കം ചിലര്‍ക്കിടയില്‍ അധികാരവും സമ്പത്തും കുമിഞ്ഞുകൂടുന്നതിനെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ ബൈഡന്‍ പങ്കുവെച്ചത്.
അമേരിക്കയുടെ 34-ാമത് പ്രസിഡന്റ് ആയിരുന്ന ഡൈ്വറ്റ് ഐസന്‍ഹോവര്‍ 1961-ല്‍ വിരമിക്കവെ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിനെ കുറിച്ച് നല്‍കിയ മുന്നറിയിപ്പുകളെപ്പറ്റിയും ജോ ബൈഡന്‍ പരാമര്‍ശിച്ചു. നമ്മുടെ രാജ്യത്തിന് അപകടങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഒരു ടെക് ഇന്‍ഡസ്ട്രിയല്‍
കോംപ്ലക്‌സിന്റെ ഉയര്‍ച്ചയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്, രാജ്യത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
സ്‌പേസ്എക്‌സ്, ടെസ്‌ല എന്നിവയുടെ മേധാവിയായ ഇലോണ്‍ മസ്‌ക് അടക്കമുള്ള ലോകത്തിലെ ഏറ്റവും ധനികരായ ചില വ്യക്തികളും ടെക് വ്യവസായ പ്രമുഖരും ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ട്രംപിനെ തിരഞ്ഞെടുക്കാനായി ഇലോണ്‍ മസ്‌ക് 100 മില്യണ്‍ ഡോളറിലധികം ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്യുക.




