പീച്ചി ഡാം റിസർവോയർ അപകടം: മരണം മൂന്നായി, പട്ടിക്കാട് സ്വദേശി എറിന്‍ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം മൂന്നായി. തൃശൂർ പട്ടിക്കാട് സ്വദേശി എറിൻ ബിനോജ് ആണ് മരിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണം.

അപകടത്തിൽപ്പെട്ട എറിന്റെ സുഹൃത്തുക്കളായ ആൻ ഗ്രേസ്, അലീന എന്നിവരും ഇന്നലെ മരിച്ചിരുന്നു. എറിൻ്റെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നുവെന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രി ഇന്നലെ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിരുന്നു.

അപകടത്തിൽപ്പെട്ട പട്ടിക്കാട് സ്വദേശിയായ നിമ ജോണി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നിമയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. വെൻ്റിലേറ്ററിൽ കഴിയുന്ന കുട്ടിക്ക് ബോധം തിരിച്ച് കിട്ടിയെന്നും മെഡിക്കൽ ബുള്ളറ്റിന്‍ അറിയിച്ചിരുന്നു. നിമയെ വെൻ്റിലേറ്ററിൽ നിന്നും ഐസിയുവിലേക്ക് മാറ്റിയേക്കുമെന്നും അറിയിച്ചിരുന്നു.

സുഹൃത്തിൻ്റെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ വന്നതായിരുന്നു നാല് പെൺകുട്ടികളും. പാറയിൽ നിന്ന് കാൽ വഴുതി വീണതാണ് അപകടകാരണമെന്നാണ് നിഗമനം.