മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്; അറ്റന്‍ഡറുടെ കയ്യില്‍ കയറിപ്പിടിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. കണ്ണൂര്‍ പാച്ചപ്പൊയിക സ്വദേശി പവിത്രനിലാണ് (67) ജീവന്‍ അവശേഷിക്കുന്നുവെന്ന് മോര്‍ച്ചറിയിലെ അറ്റന്‍ഡര്‍ തിരിച്ചറിഞ്ഞത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയെ ഇന്നലെ രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്.

വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ ജീവന്‍ നഷ്ടമാകുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞിട്ടും ആരോഗ്യനിലയില്‍ മാറ്റമൊന്നും ഉണ്ടാകാതിരുന്നതോടെ ബന്ധുക്കള്‍ കൂടിയാലോചിച്ചാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്.

തുടര്‍ന്ന് ആംബുലന്‍സില്‍ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. നേരെ വീട്ടിലേക്ക് കൊണ്ടുപോകാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാനായിരുന്നു തീരുമാനം. തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പവിത്രന്‍ കയ്യില്‍ പിടിച്ചെന്നാണ് അറ്റന്‍ഡര്‍ പറയുന്നത്. ഉടന്‍ തന്നെ അറ്റന്‍ഡര്‍ ഡോക്ടര്‍മാരെ വിവരമറിയിക്കുകയായിരുന്നു.

പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എകെജി ആശുപത്രി അധികൃതർ പ്രതികരിച്ചു. പവിത്രൻ മരിച്ചെന്ന വാർത്ത ദിനപത്രങ്ങളിലും വന്നിരുന്നു. നിലവിൽ എകെജി ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം.