അങ്കമാലി അതിരൂപതയിലെ പ്രതിഷേധം; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് സമവായ ചര്‍ച്ച നടക്കും

എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് സമവായ ചര്‍ച്ച നടക്കും.

അതേ സമയം കഴിഞ്ഞദിവസം രാത്രി വൈകിയും ബിഷപ്പ് ഹൗസിനകത്ത് പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധത്തില്‍ 21 വൈദികര്‍ക്കെതിരെ കേസെടുത്തിരുന്നു.

ഫാദര്‍ രാജന്‍ പുന്നയ്ക്കലും ഫാദര്‍ സെബാസ്റ്റ്യന്‍ തളിയത്തുമടക്കം പ്രതികളാണ്. നിയമവിരുദ്ധമായി സംഘം ചേരല്‍, തടഞ്ഞുവെക്കല്‍, അപായപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചതിനും കേസെടുത്തു. മുഴുവന്‍ വൈദികരെയും അറസ്റ്റ് ചെയ്ത് നീക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ഇതിലൂടെ ഞായറാഴ്ചയിലെ കുർബാന അടക്കമുള്ളവ തടസ്സപ്പെടുമെന്നാണ് പ്രതിഷേധക്കാരുടെ കണക്കുകൂട്ടല്‍.

: എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ് ഹൗസില്‍ സംഘര്‍ഷം; നിരാഹാര സമരമിരുന്ന വൈദികരെ നീക്കം ചെയ്തു

പ്രതിഷേധം നടത്തുന്നവരുമായുള്ള ചര്‍ച്ച നേരത്തേ പരാജയപ്പെട്ടിരുന്നു. ബിഷപ് ഹൗസിനകത്ത് പ്രതിഷേധം അനുവദിക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഗേറ്റ് തകര്‍ത്ത് പ്രതിഷേധക്കാര്‍ അകത്തുകടന്നിരുന്നു. എഡിഎം കെ മീരയുടെ നേതൃത്വത്തിലായിരുന്നു സമവായ ചര്‍ച്ച. കൊച്ചി ഡിസിപി അശ്വതി ജിജിയും അല്‍മായ മുന്നേറ്റവും വൈദിക പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.